മീനാക്ഷിക്കും മനുവിനും വേണ്ടി 'തിങ്ക ബാൻ ബെള്ളി'; സ്കൂളൊന്നാകെ ചോലനായ്ക ഭാഷ പഠിക്കും, ചേർത്ത് പിടിച്ച് സർകാർ
സ്കൂളിലെ കുട്ടികൾക്ക് മീനാക്ഷിയും മനുവുമായി ആശയവിനിമയം നടത്തുന്നതിന് ഭാഷ ഒരു പ്രശ്നമായതിനാൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും നിലമ്പൂർ ബി.ആർസിയിലെ എല്ലാ ജീവനക്കാരും ചോലനായ്ക്ക ഭാഷ പഠിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട പൂച്ചപ്പാറ മണിയുടെ മക്കളെ ചേർത്ത് പിടിച്ച് സർക്കാർ. മണിയുടെ ഭിന്നശേഷിക്കാരിയായ കുട്ടി മീനാക്ഷി ഉൾപ്പെടെയുള്ള കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. 2025 ജനുവരി 4 നാണ് കരുളായി വനത്തിലെ കണ്ണികൈയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ മണി കൊല്ലപ്പെടുന്നത്.
മണിയുടെ മൂത്ത മകൾ മീനാക്ഷി പൂർണ്ണമായും കിടപ്പിലായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷി കുട്ടിയാണ്. മീനാക്ഷിയും അനിയൻ മനുവും കരുളായി വാരിക്കൽ ഗവ.എൽപി സ്കൂളിൽ നാലാം ക്ലാസിലും പ്രീ പ്രൈമറി ക്ലാസിലുമാണ് പഠിക്കുന്നത്. ഈ കുട്ടികൾക്ക് മലയാളഭാഷ അറിയാത്തതിനാൽ കുട്ടികളുടെ പഠനം ആയാസരഹിതമാക്കുന്നതിന് വേണ്ടി ചോലനായിക്ക ഭാഷയിൽ തിങ്ക ബാന് ബെള്ളി എന്ന പേരിൽ ഒരു ടോക്കിഗ് ടെക്സ്റ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളത്തിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കുട്ടികളുടെ ജീവിത ചുറ്റുപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചോല നായിക്ക ഭാഷയിൽ കഥകളും കവിതകളും സംഭാഷണങ്ങളുമായാണ് പാഠ ഭാഗങ്ങൾ ഓഡിയോ,വീഡിയോ രൂപത്തിൽ തയ്യാറാക്കിയിട്ടുള്ളത്. മണിയുടെ കുടുംബത്തിന് ഒരു സൗണ്ട് സിസ്റ്റം സമഗ്രശിക്ഷ മുഖേന നൽകിയിട്ടുണ്ട്. വീഡിയോ ക്ലാസുകൾ തയ്യാറാകുന്ന മുറയ്ക്ക് സ്മാർട്ട് ടിവിയും നൽകുന്നതാണ്. വാരിക്കൽ ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾക്ക് മീനാക്ഷിയും മനുവുമായി ആശയവിനിമയം നടത്തുന്നതിന് ഭാഷ ഒരു പ്രശ്നമായതിനാൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും നിലമ്പൂർ ബി.ആർസിയിലെ എല്ലാ ജീവനക്കാരും ചോലനായ്ക്ക ഭാഷ പഠിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
ചോലനായ്ക്ക വിഭാഗത്തിൽ നിന്നുള്ള റിസർച്ച് സ്കോളർ വിനോദ് ചെല്ലനും മുണ്ടക്കടവ് അംഗനവാടിയിലെ അധ്യാപിക പിങ്കിയുമാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിന് സഹായിക്കുന്നത്. മാർച്ച് മാസത്തിൽ സ്കൂളിൽ വച്ച് ചോലനായ്ക്ക ഭാഷയിൽ കലോത്സവം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സഹപാഠികളോട് ചേർന്ന് നിൽക്കുന്നതിന് വേണ്ടി വാരിക്കൽ ഗവ. എൽ.പി. സ്കൂൾ കുട്ടികൾ എടുത്തിട്ടുള്ള തീരുമാനം ഏറെ അഭിനന്ദനാർഹവും അഭിമാനകരവുമാണെന്ന് മന്ത്രി പറഞ്ഞു.
Read More : കരുളായി കാട്ടാനയാക്രമണം: മണിയുടെ ഭാര്യക്ക് ജോലി, മകൾക്ക് ചികിത്സ; കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്
