തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ഓപ്പൺ സർവ്വകലാശാല എന്ന നിർദ്ദേശം അട്ടിമറിച്ചെന്ന ആക്ഷേപവുമായി ഉന്നതവിദ്യാഭ്യാസകൗൺസിൽ വൈസ് ചെയർമാൻ. രണ്ട് വർഷം മുൻപ് നൽകിയ ശുപാർശ നടപ്പാകാതിരിക്കാൻ സർവ്വകലാശാലയിലെ ഉദ്യോഗസ്ഥരാണ് കാരണമെന്ന് രാജൻ ഗുരിക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2016ലെ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഓപ്പൺ യുണിവേഴ്സിറ്റി. ഇതിനായി ഉന്നത വിദ്യാഭ്യാസകൗൺസിൽ രണ്ടര വർഷം മുൻപാണ് കേരള ഓപ്പൺ യൂണിവേഴ്സിറ്റി എന്ന പേരിൽ രൂപരേഖ തയ്യാറാക്കി സർക്കാരിന് നൽകിയത്. അത് വരെ വേഗത്തിൽ നടന്നു. പിന്നീട് ഉന്നതവിദ്യാഭ്യാസവകുപ്പിൽ വിശ്രമിക്കാനായിരുന്നു ആ ഫയലിന്‍റെ നിയോഗം.

യുജിസിയുടെ പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസം ഇപ്പോൾ പ്രതിസന്ധിയിലാണ്. നാക്ക് അക്രഡിറ്റേഷൻ ഉന്നതഗ്രേഡായ 3.26 ഉള്ള സർവകലാശാലകൾക്ക് മാത്രമേ വിദൂരവിദ്യാഭ്യാസം നടത്താവൂ എന്നാണ് മാനദണ്ഡം. 

ഇത് പാലിക്കാൻ കേരളത്തിലെ സർവ്വകലാശാലകൾക്കായിട്ടില്ല. ഒന്നരലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്രതിസന്ധിയിൽ.