ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നൂതന ആശയങ്ങൾക്ക് എട്ട് എഞ്ചിനീയറിംഗ് കോളേജുകൾക്ക് കെ-ഡിസ്‌കിന്റെ സ്‌ട്രൈഡ് ഇന്നൊവേഷൻ സമ്മിറ്റിൽ പുരസ്കാരം. 

കൊച്ചി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റില്‍ എട്ട് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീമുകൾക്ക് പുരസ്‌കാരം. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും മികച്ച നൂതന ആശയങ്ങള്‍ അവതരിപ്പിച്ച കോളേജുകൾക്കാണ് പുരസ്കാരം.

വിശ്വാജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (എറണാകുളം), എന്‍എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (പാലക്കാട്), കോളേജ് ഓഫ് എഞ്ചിനീയറിംഗ് (വടകര), സെയ്ന്റ്ഗിത്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കോട്ടയം), വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍), ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കൊല്ലം), സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കൊച്ചിയിൽ നടന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

കെ-ഡിസ്‌കിന്റെ സാമൂഹിക സംരംഭകത്വ വിഭാഗത്തിന് കീഴിലുള്ള ഒരു സുപ്രധാന സംരംഭമാണ് സ്‌ട്രൈഡ്. ഓരോ പൗരനും അന്തസ്സോടും സ്വയംപര്യാപ്തതയോടും കൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സാമൂഹിക സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച്, വ്യക്തികളുടെ കഴിവും സാമൂഹിക സാഹചര്യങ്ങളും സാങ്കേതിക പിന്തുണയും സമന്വയിപ്പിക്കുന്ന ഒരു സുസ്ഥിര ആവാസവ്യവസ്ഥയാണ് സ്‌ട്രൈഡ് വിഭാവനം ചെയ്യുന്നത്. സ്ട്രൈഡ് മേയ്കർ സ്റ്റുഡിയോകൾ രൂപകൽപന ചെയ്യുവാൻ ഡി സി സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കോളേജുമായി കെ ഡിസ്ക് ധാരണാപത്രം ഒപ്പുവെച്ചു. ഇന്‍ക്ലൂസീവ് ഡിസൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും പ്രാദേശിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഭിന്നശേഷി സൗഹൃദപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.