Asianet News MalayalamAsianet News Malayalam

'ഒബിസി ഓവർസീസ് സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട്, അര്‍ഹതയുണ്ടായിട്ടും ലഭിച്ചില്ല'; ആരോപണവുമായി വിദ്യാര്‍ത്ഥിനി

ലണ്ടനിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽ എംഎ സോഷ്യൽ ആന്ത്രോപോളജി വിദ്യാർത്ഥിയായ ഹഫീഷയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വിദേശ സർവ്വകലാശാലകളിൽ ഉന്നതപഠനത്തിനായി പിന്നാക്ക വികസന വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഒബിസി ഓവർസീസ് സ്കോളർഷിപ്പിന് ഹഫീഷ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ഹഫീഷക്ക് ലഭിച്ചില്ല. 

students allegations about obc overseas scholarship
Author
Trivandrum, First Published Sep 22, 2021, 6:25 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒബിസി ഓവർസീസ് സ്കോളർഷിപ്പിൽ ​ഗുരുതര ക്രമക്കേടുണ്ടെന്ന ആരോപണവുമായി തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനി. ലണ്ടനിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽ എംഎ സോഷ്യൽ ആന്ത്രോപോളജി വിദ്യാർത്ഥിയായ ഹഫീഷയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വിദേശ സർവ്വകലാശാലകളിൽ ഉന്നതപഠനത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഒബിസി ഓവർസീസ് സ്കോളർഷിപ്പിന് ഹഫീഷ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ഹഫീഷക്ക് ലഭിച്ചില്ല. 'ഈ സ്കോളർഷിപ്പ് ലഭിക്കാൻ നൂറുശതമാനം അർഹതയുളള ആളാണ് ഞാനെന്ന് ഉറപ്പുണ്ട്. നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന എല്ലാ യോ​ഗ്യതകളും എനിക്കുണ്ട്. പിന്നെന്തുകൊണ്ടാണ് എനിക്ക് സ്കോളർഷിപ്പ് ലഭിക്കാത്തത്?' ഹഫീഷ അധികൃതരോട് ചോദിക്കുന്നു. 

പതിനൊന്ന് മാസത്തിലേറെയായി ഹഫീഷ യുകെയിലെത്തിയിട്ട്. സ്കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ബാങ്ക് ലോണെടുത്തും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയുമാണ് ഹഫീഷ വിദേശപഠത്തിന് എത്തിയത്. 'അപേക്ഷിക്കുന്ന സമയത്ത് പറഞ്ഞ മാനദണ്ഡങ്ങളല്ല, റിസൾട്ട് പുറത്ത് വന്നപ്പോൾ പറഞ്ഞിരുന്നത്. രണ്ട് പിജിയുള്ളവരെ ഈ സ്കോളർഷിപ്പിൽ നിന്ന് ഒഴിവാക്കി എന്നാണ് ഇവർ പറയുന്നത്. ഇക്കാര്യം നോട്ടിഫിക്കേഷൻ സമയത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല.' ഓരോ വർഷവും ഈ സ്കോളർഷിപ്പിന്റെ അപേക്ഷ മാനദണ്ഡങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടക്കുന്നുണ്ടെന്നും ഹഫീഷ ആരോപിച്ചു. പത്ത് ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുകയായി സർക്കാർ നൽകുന്നത്.

"

94 ശതമാനം മാർക്കോടെയാണ് ഹഫീഷ കുന്നംകുളം ​ഗേൾസ് സ്കൂളിൽ നിന്നും പ്ലസ് ടൂ പഠനം പൂർത്തിയാക്കിയത്. കൽപറ്റ ​ഗവൺമെന്റ് കോളേജിൽ നിന്നും ജേർണലിസത്തിൽ റാങ്കോടെ ബിരുദം നേടി. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും പിജി നേടി. നെറ്റ് പരീക്ഷ പാസ്സായി. കാസർകോഡ് ​ഗവൺമെന്റ് കോളേജിൽ ഒരു വർഷം ​ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയും ചെയ്തു. 'വിദേശത്ത് പഠിക്കണമെന്ന് അതിയായ ആ​ഗ്രഹമുള്ളത് കൊണ്ടാണ് ഞാൻ അതിന് വേണ്ടി ശ്രമിച്ചതും ഇത്രയും നല്ല യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയതും, സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള കുടുംബമാണ് എന്റേത്. സ്കോളർഷിപ്പ് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കാരണം വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന എല്ലാ യോ​ഗ്യതകളും ഉണ്ടായിരുന്നു. പിന്നെന്തുകൊണ്ട് എനിക്ക് സ്കോളർഷിപ്പ് ലഭിച്ചില്ല?' ഹഫീഷ ചോദിക്കുന്നു.  

സ്കോളർഷിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ രേഖ ആവശ്യപ്പെട്ടിട്ടും താൻ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഹഫീഷ പറഞ്ഞു. മറുപടി ലഭിച്ചതാകട്ടെ രണ്ട് മാസത്തിന് ശേഷവും. താൻ നേരിടുന്ന അവസ്ഥകൾ ഫേസ്ബുക്ക് ലൈവിലൂടെ ഈ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് നിരവധി പേരോട് പരാതിപ്പെട്ടിട്ടും പിന്നാക്ക വികസന വകുപ്പിന് പരാതി നൽകിയിട്ടും കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. വിഷയം ശ്രദ്ധയിൽ പെടുത്തി പ്രധാനമന്ത്രിക്കും ​ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഹഫീഷയുടെ തീരുമാനം. 

കടുത്ത പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും ഹഫീഷ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കവേ പറഞ്ഞു. ചെറിയ ജോലികൾ ചെയ്താണ് വീട്ടുവാടകക്കും മറ്റും പണം കണ്ടെത്തുന്നത്. 'അർഹതപ്പെട്ട കാര്യമാണ് ചോദിക്കുന്നത്. അതിന് വേണ്ടി നിയമപരമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. വിദേശ പഠനമോഹവുമായി വരുന്ന മറ്റ് കുട്ടികൾക്കെങ്കിലും പ്രയോജനമുണ്ടാകട്ടെ.' ഹഫീഷ പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios