ലക്നൗ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ ക്ലാസ് മുറി ഒരുക്കി ശ്രദ്ധേയരാകുകയാണ് രണ്ട് വിദ്യാർത്ഥികൾ. മാതാപിതാക്കളുടെ പിന്തുണയോടെയാണ് കുട്ടികളുടെ ഈ തീരുമാനം. ലക്നൗവിലെ ആഷാസ്, ഹബീബ് എന്നീ വിദ്യാർത്ഥികളാണ് 'ഹൗസ്കൂൾ' (ഹൗസ്+സ്കൂൾ)  ആശയം കണ്ടെത്തിയത്. വീട്ടിലെ രണ്ട് മുറികളാണ് ഇവർ ക്ലാസ് മുറികളാക്കി മാറ്റിയത്.

ജൂലൈ എട്ടിനാണ് വീട്ടിലെ ഈ സ്കൂൾ തുറന്നത്. മുറികൾക്ക് മുന്നിൽ ക്ലാസ് മുറികളുടെ പേരും എഴുതി വച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ സാധാരണ സ്കൂൾ ദിവസങ്ങളിലെ പോലെ കുളിച്ചൊരുങ്ങി റെഡിയായി റൂമിനുള്ളിലേക്ക് പോകും. ഷെഡ്യൂൾ അനുസരിച്ച് ക്ലാസുകളിൽ പങ്കെടുക്കും. ലഞ്ച് ബോക്സും വാട്ടർബോട്ടിലുമുൾപ്പെടെയാണ് സ്കൂളിലേക്ക് പോകുന്നത്. ടൈംടേബിൾ അനുസരിച്ച് ഇടവേളകളുമുണ്ട്. 

സ്കൂളിൽ നിന്ന് വാട്ട്സ് ആപ്പ് വഴിയാണ് പാഠഭാ​ഗങ്ങൾ അയച്ചു കൊടുക്കുന്നത്. അവയെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കി ഇവർ അയച്ചു കൊടുക്കുന്നുമുണ്ട്. കുട്ടികളുടെ പുതിയ ആശയത്തിൽ മാതാപിതാക്കളും സന്തുഷ്ടരാണ്. എന്നാലും അധിക കാലം ഹൗസ്കൂൾ സംവിധാനം ഉണ്ടാകില്ലെന്നും സാധാരണ നിലയിലേക്ക് കുട്ടികളുടെ വിദ്യാഭ്യാസം എത്തിച്ചേരുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. വൈറസ് വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ് മാർച്ച് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പിന്നീട് പല മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.