ഭോപ്പാൽ: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളെല്ലാം അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളിലൂടയാണ് എല്ലാ വിദ്യാർത്ഥികളുടെയും പഠനം. എന്നാൽ ഇപ്പോഴും ഓൺലൈൻ സംവിധാനങ്ങളൊന്നും ലഭ്യമല്ലാത്ത ഇടങ്ങളുണ്ട് എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഛത്തീസ് ​ഗണ്ഡിലെ ഭട്പാൽ ​ഗ്രാമം. ഇവിടത്തെ കുട്ടികൾക്ക് പഠിക്കാൻ ഓൺലൈൻ സംവിധാനങ്ങളോ ഇന്റർനെറ്റോ ഇല്ല. പകരം ഇവരുടെ പഠനോപാധി ഉച്ചഭാഷിണികളാണ്. ​ഗ്രാമത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളിലൂടെയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ പഠിക്കുന്നത്. 

എല്ലാ ദിവസവും രാവിലെ എട്ടുമണി മുതലാണ് ഇവരുടെ ക്ലാസ് ആരംഭിക്കുന്നത്. മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ആറ് ഉച്ചഭാഷിണികളാണ് പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനും പോഷകാഹാരക്കുറവ്, മറ്റ് സാമുദായിക വിവരങ്ങൾ എന്നിവ കൈമാറുന്നതിനും ഉച്ചഭാഷിണികളെയാണ് അധികൃതർ ഉപയോ​ഗിക്കുന്നത്.  ഈ ആശയത്തിന് നേതൃത്വം നൽകിയ ജില്ലാ മിനറൽ ഫണ്ട് വികസന സഹായിയായ നിഖിലേഷ് ഹരി പറയുന്നു. 

ജൂൺ 14 മുതലാണ് ഉച്ചഭാഷിണി വഴിയുളള പാഠ്യരീതി ആരംഭിച്ചത്. ദിവസത്തിൽ രണ്ട് തവണയാണ് ക്ലാസ് നടത്തുക. 90 മിനിറ്റുള്ള രണ്ട് ഭാ​ഗങ്ങളായിട്ടാണ് ക്ലാസുകൾ. കഥ പറച്ചിലും മറ്റ് പാഠ്യഭാ​ഗങ്ങളുമെല്ലാം പഞ്ചായത്ത് ഭവനിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഉച്ചഭാഷിണിയിലൂടെയാണ്. ​പ്രാദേശിക ഭാഷയായ ഹൽബിയിലാണ് പാഠഭാ​ഗങ്ങൾ പറഞ്ഞു കൊടുക്കുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് പാഠഭാ​ഗങ്ങൾ റെക്കോർഡ് ചെയ്ത് അധ്യാപകർ പഞ്ചായത്തിലേക്കെത്തിക്കുകയാണ് പതിവ്. 

ഉച്ചഭാഷിണികൾ വഴി വീട്ടിലിരുന്ന് തന്നെ പഠിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് അധ്യാപകരിലൊരാളായ ശൈലേന്ദ്ര തിവാരി പറഞ്ഞു. ​'ഗ്രാമത്തിന്റെ എല്ലാ ഭാ​ഗത്തു നിന്നുമുള്ള കുട്ടികൾക്ക്  വീട്ടിലിരുന്ന് തന്നെ പഠിക്കാൻ സാധിക്കും. എല്ലാവർക്കും കേൾക്കാവുന്ന രീതിയിലാണ് ഉച്ചഭാഷിണി സ്ഥാപിച്ചിരിക്കുന്നത്.' അദ്ദേഹം വ്യക്തമാക്കി. 'എല്ലാ മാതാപിതാക്കൾക്കും കുട്ടികളെ പഠിപ്പിക്കാനുള്ള അറിവ് ഉണ്ടാകണമെന്നില്ല. അതുപോലെ സാങ്കേതിക സൗകര്യങ്ങളുമില്ല. വളരെക്കാലമായി ആശയവിനിമയത്തിന് ഉച്ചഭാഷിണികളാണ് ഉപയോ​ഗിക്കുന്നത്. അങ്ങനെയാണ് പഠനത്തിനും ഉച്ചഭാഷിണി ഉപയോ​ഗിക്കാമെന്ന ആശയമുദിച്ചത്.' ജില്ലാ കളക്ടർ രജത് ബൻസൽ പറഞ്ഞു.