സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് അതിർത്തികൾ നിശ്ചയിക്കാൻ ആർക്കും അധികാരമില്ലെന്നും നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും മറികടക്കാൻ സാധിക്കുമെന്നും ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ വനിത. പൈലറ്റാണ് പ്രൊഫഷൻ, അതേ സമയം വ്ലോ​ഗറാണ്. രണ്ട് വയസ്സുകാരി മകളുടെ അമ്മയുമാണ്. ഒരേ സമയം ഈ മൂന്നിടങ്ങളും വളരെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ് റിതു രതി തനേജ. എന്നാൽ പെൺകുട്ടികൾ ഒരു ഭാരമായി കരുതുന്ന സമൂഹത്തിൽ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് തനേജ പറയുന്നു. ഹ്യുമൻസ് ഓഫ് ബോംബേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനേജയുടെ ഈ വാക്കുകൾ.

ഒരുപാട് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുമ്പ് തന്നെ വിവാഹം ചെയ്ത് അയക്കാനായിരുന്നു തനേജയുടെ ബന്ധുക്കളുടെ നിർദ്ദേശം. എന്നാൽ മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് തനേജയുടെ മാതാപിതാക്കൾ പരിശ്രമിച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു സുഹൃത്താണ് പൈലറ്റാകാൻ തനേജയോട് പറഞ്ഞത്. ഇന്നത്തെ കരിയറിന്റെ ടേണിം​ഗ് പോയിന്റായിരുന്നു സുഹൃത്തിന്റെ ആ നിർദ്ദേശമെന്ന് തനേജ പറയുന്നു. 

'അമേരിക്കയിലെ പരിശീലന പരിപാടിയിലേക്ക് ഞാൻ അപേക്ഷിച്ചു. എട്ട് മാസങ്ങൾക്ക് ശേഷം മറുപടി ലഭിച്ചു. എന്നാൽ ലോകത്തിന്റെ മറ്റൊരു ഭാ​ഗത്തേയ്ക്ക് മകളെ തനിച്ച് വിടാൻ മാതാപിതാക്കൾ ഒരിക്കലും തയ്യാറാകില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.' വിവാഹത്തിനായി സ്വരുക്കൂട്ടിയിരിക്കുന്ന സമ്പാദ്യം വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാണ് തനേജ അച്ഛനോട് ആവശ്യപ്പെട്ടത്. പകരം തന്നെച്ചൊല്ലി അച്ഛൻ അഭിമാനിക്കുന്ന ഒരു ദിവസം എത്തുമെന്ന് അവൾ ഉറപ്പ് നൽകി. 

'അച്ഛൻ എന്റെ ആ​ഗ്രഹത്തിന് സമ്മതം മൂളി. പക്ഷേ ബന്ധുക്കൾ ഇത് സമ്മതിക്കാൻ തയ്യാറായില്ല. വിദേശത്ത് പോയാൽ ആൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുമെന്നും നശിച്ചു പോകുന്നതിന് മുമ്പ് എത്രയും വേ​ഗം വിവാഹം കഴിച്ച് അയക്കാനുമാണ് അവരല്ലാം പറഞ്ഞത്.' എന്നാൽ ബന്ധുക്കളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ തനേജയുടെ മാതാപിതാക്കൾ അവളെ അമേരിക്കയിൽ പരിശീലനത്തിന് അയച്ചു. ഒന്നരവർഷത്തിന് ശേഷമാണ് തനേജ തിരികെയെത്തുന്നത്. എന്നാൽ അത്രയെളുപ്പത്തിൽ ജോലി ലഭിക്കില്ലെന്നും തനേജ തിരിച്ചറിഞ്ഞു.

'ഒരിടത്തും ഒഴിവു കണ്ടെത്താൻ സാധിച്ചില്ല. ജോലി ലഭിക്കാതെ വളരെയധികം കഷ്ടപ്പെട്ടു. അച്ഛനെ ബന്ധുക്കളല്ലാവരും ചേർന്ന് കുറ്റപ്പെടുത്താൻ ആരംഭിച്ചു. 'ഇത് സംഭവിക്കുമെന്ന് ഞങ്ങൾ മുമ്പ് പറഞ്ഞതല്ലേ' എന്നായിരുന്നു അവരുടെ ചോദ്യം. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് അമ്മ മരിച്ചതോടെ സ്ഥിതി​ഗതികൾ കൂടുതൽ വഷളായി. ദരിദ്രമായിരുന്ന കുടുംബാന്തരീക്ഷത്തിൽ അച്ഛൻ വായ്പ തിരിച്ചടക്കാനും മറ്റും ബുദ്ധിമുട്ടി.' തനേജ പറയുന്നു. അതിനിടയിൽ തനേജ ചെറിയൊരു ജോലി കണ്ടെത്തുകയും ദിനംപ്രതി ഏഴ് മണിക്കൂർ വീതം പഠിക്കുകയും ചെയതു. 

അവസാനം എയർലൈനിൽ കോപൈലറ്റായി തനേജയ്ക്ക് അവസരം ലഭിച്ചു. താൻ വളരെയധികം സന്തോഷിച്ചുവെന്ന് തനേജ കൂട്ടിച്ചേർക്കുന്നു. പിന്നീടുള്ള നാല് വർഷം കൊണ്ട് ഒരു മാസത്തിൽ 60 ഫ്ലൈറ്റുകളിൽ ജോലി ചെയ്യുകയും അവസാനം ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. 'ക്യാപ്റ്റന്റെ സീറ്റിലിരുന്ന നിമിഷം എനിക്ക് തോന്നിയത്, നിന്റെ സമയമിതാ വന്നത്തി എന്നാണ്.' തനേജയുടെ വാക്കുകൾ. ഇവിടെ നിന്നാണ് തനിക്ക് ഭർത്താവിനെ ലഭിച്ചതെന്നും തനേജ പറയുന്നു. ഈ ദമ്പതികൾക്ക് ഇപ്പോൾ രണ്ടു വയസ്സുള്ള മകളുമുണ്ട്.

ഇരുവരും ചേർന്ന് മൂന്ന് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. 'രണ്ട് വയസ്സുകാരി മകളുമൊത്ത് 
ഞങ്ങളുടെ ചെറിയ കുടുംബം സന്തുഷ്ടമായി ജീവിക്കുകയാണ്. തിരക്ക് പിടിച്ച ജോലി സമയത്തെയും യാത്രകളെയും ഞങ്ങൾ വ്ലോ​ഗുകളാക്കുന്നു.' തനേജയുടെ വാക്കുകൾ. എന്റെ മകൾ ക്യാപ്റ്റനാണ് എന്ന് അച്ഛൻ പറയുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നതെന്ന് തനേജ. 'ഞാനൊരു ക്യാപ്റ്റനാണ്, വ്ലോ​ഗറാണ്, ഭാര്യയാണ്, അമ്മയാണ്. എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുടെ പരിധി നിശ്ചയിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.' തന്റെ പ്രചോദനാത്മകമായ അഭിമുഖം തനേജ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.