Asianet News MalayalamAsianet News Malayalam

കൊവിഡ് തടസ്സമാകില്ല: സ്കൂൾ വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും സമയബന്ധിതമായി വിതരണം ചെയ്യും

2.62 കോടി പുസ്തകമാണ് വിതരണം ചെയ്യുന്നത്. 13,064 സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. 

Textbooks and uniforms for school students will be distributed on time
Author
Trivandrum, First Published May 31, 2021, 11:18 AM IST

തിരുവനന്തപുരം: കോവിഡ് വെല്ലുവിളികൾക്കിടയിലും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സമയബന്ധിതമായി വിതരണം ചെയ്യാനാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വരുന്ന അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോം ലഭിക്കാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസായി 600 രൂപ അനുവദിക്കും.

2.62 കോടി പുസ്തകമാണ് വിതരണം ചെയ്യുന്നത്. 13,064 സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. കൊവിഡ് മഹാമാരി വ്യാപനം നിലനിൽക്കെതന്നെ പാഠപുസ്തക വിതരണത്തിന് ലോക്ഡൗണിൽ പ്രത്യേക ഇളവ് ലഭിച്ചതിനാൽ ഇരുപത്തിനാലാം തീയതി മുതൽ വീണ്ടും പുസ്തക വിതരണം ആരംഭിച്ചിട്ടുണ്ട്. 9,39,107 കുട്ടികൾക്കുള്ള യൂണിഫോം അതത് വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റർ തുണിയാണ് ഇതിലേക്കായി സജ്ജമാക്കിയത്.

വിദ്യാർഥികൾക്ക് സമയബന്ധിതമായി പുസ്തകവും യൂണിഫോമും നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി അഡ്വ പി രാജീവ് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തും സമയബന്ധിതമായി യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുമെന്ന ആത്മവിശ്വാസം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ നേട്ടമാണ് ഇതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിലും ചടങ്ങിൽ അധ്യക്ഷൻ ആയിരുന്ന ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവും വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും  വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios