ദില്ലി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് എന്നിവയുടെ അപേക്ഷാത്തീയതിയാണ് നീട്ടിയത്.

മേൽപറഞ്ഞ പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അതാത് വെബ്‌സൈറ്റുകള്‍ വഴി മേയ് 31 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. ഇതേദിവസം രാത്രി 11.50 വരെ ഫീസടയ്ക്കാനും അവസരമുണ്ടാകും. ഓണ്‍ലൈനായി മാത്രമേ ഫീസ് സ്വീകരിക്കുകയുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സിഎസ്‌ഐആര്‍ നെറ്റിന്റെ അപേക്ഷാത്തീയതി മേയ് 16 വരെയും മറ്റുള്ളവയ്ക്ക് മേയ് 15 വരെയും സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ 31 വരെ നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ nta.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 8287471852, 8178359845, 9650173998, 9599676953, 8882356803