Asianet News MalayalamAsianet News Malayalam

Happiness Curriculum : പ്രൈമറി സ്കൂളുകളിൽ 'ഹാപ്പിനെസ് കരിക്കുലം' ഉൾപ്പെടുത്താനൊരുങ്ങി യുപി സർക്കാർ

1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഹാപ്പിനെസ് കരിക്കുലം പദ്ധതി പരിചയപ്പെടുത്തുന്നത്. 

UP to launch Happiness Curriculum primary schools
Author
Lucknow, First Published Dec 20, 2021, 12:49 PM IST

ലക്നൗ: പ്രൈമറി സ്കൂളുകളിൽ (Primary Schools) ഹാപ്പിനെസ് കരിക്കുലം (Happiness Curriculum) ഉൾപ്പെടുത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ദില്ലിയിലെയും ഛത്തീസ്​ഗഡിലെയും മാതൃക പിന്തുടർന്നാണ് പാഠ്യപദ്ധതിയിൽ ഹാപ്പിനെസ് കരിക്കുലം ഉൾപ്പെടുത്താനുളള തയ്യാറെടുപ്പുകൾ നടത്തുന്നത്. രാജ്യത്തോടും സമൂഹത്തോടും പ്രകൃതിയോടും സംവേദന ക്ഷമതയുളളവരായി വിദ്യാർത്ഥികൾ വളർന്നു വരിക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കോഴ്സ് രൂപകൽപന ചെയ്യുന്നതെന്ന് സ്റ്റേറ്റ് എജ്യൂക്കേഷണൽ മാനേജ്മെന്റ് ആന്റ് ട്രെയിനിം​ഗിൽ ആറ് ദിവസത്തെ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ ഹാപ്പിനെസ് കരിക്കുലം സ്റ്റേറ്റ് ഇൻചാർജ് സൗരഭ് മാളവ്യ പിടിഐയോട് പറഞ്ഞു.

1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഹാപ്പിനെസ് കരിക്കുലം പദ്ധതി പരിചയപ്പെടുത്തുന്നത്. സ്വയമായും കുടുംബത്തോടും സമൂഹത്തോടും ബന്ധം പുലർത്താൻ ഇതവരെ പ്രാപ്തരാക്കും. പരസ്പരബന്ധങ്ങൾ മനസ്സിലാക്കാനും സഹായിക്കും. കുട്ടികളെ ധ്യാനം പരിശീലിപ്പിക്കുമെന്നും മാളവ്യ വ്യക്തമാക്കി. 15 ജില്ലകളിലെ 150  സ്കൂളുകളോട് ഈ പാഠ്യപദ്ധതിയിൽ പങ്കു ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്കായി പാഠപുസ്തകം തയ്യാറാക്കും. 32 അധ്യാപകർക്ക് പരിശീലനം നൽകിയാണ് പാഠ്യപദ്ധതിയുടെ വിഷയം തയ്യാറാക്കുന്നതെന്നും അദ്ദേഹേം കൂട്ടിച്ചേർത്തു. 

2022 ഏപ്രിൽ മുതലാണ് അടുത്ത സെഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിൽ 130000 പ്രൈമറി സ്കൂളുകളിലായി ഏഴ് ലക്ഷം അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. പദ്ധതിയുടെ ആ​ദ്യഘട്ടത്തിന്റെ വിലയിരുത്തലിന് ശേഷം  എല്ലാ സ്കൂളുകളിലും ഹാപ്പിനെസ്സ് കരിക്കുലം ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios