Asianet News MalayalamAsianet News Malayalam

കേന്ദ്ര പോലീസ് സേനയില്‍ എസ്.ഐ; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം;1564 ഒഴിവുകള്‍

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരമുണ്ട്. ബിരുദമാണ് എല്ലാ തസ്തികകളിലേക്കുമുള്ള അടിസ്ഥാന യോഗ്യത. 

vacancies in central police force
Author
Delhi, First Published Jun 25, 2020, 11:17 AM IST

ദില്ലി: കേന്ദ്ര പോലീസ് സേനകളിലെ 1564 സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സുകളില്‍ 1395 ഒഴിവും ദില്ലി പോലീസില്‍ 169 ഒഴിവുമാണുള്ളത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരമുണ്ട്. ബിരുദമാണ് എല്ലാ തസ്തികകളിലേക്കുമുള്ള അടിസ്ഥാന യോഗ്യത. ദില്ലി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാര്‍ക്ക് സാധുവായ ഡ്രൈവിങ് ലൈസന്‍സ് (മോട്ടോര്‍സൈക്കിള്‍, കാര്‍) ഉണ്ടായിരിക്കണം. 

35,400-1,12,400 രൂപയാണ് ശമ്പളം. സി. ആര്‍.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., സി.ഐ.എസ്.എഫ്. എന്നിവയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന കേന്ദ്ര പോലീസ് സേനകള്‍. ഇന്ത്യയില്‍ ഏതു സ്ഥലത്തുമാവാം നിയമനം. 01.01.2021-ന് 20-25 വയസ്സാണ് പ്രായപരിധി (അപേക്ഷകര്‍ 02.01.1996 - നുമുന്‍പോ 01.01.2001 - നുശേഷമോ ജനിച്ചവരാകരുത്). 

എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഡല്‍ഹി പോലീസിലെ ഒഴിവുകളില്‍ വിധവകള്‍ക്കും നിയമാനുസൃതം വിവാഹമോചനം നേടിയവരിലെ പുനര്‍വിവാഹം ചെയ്യാത്ത സ്ത്രീകള്‍ക്കും 35 വയസ്സുവരെ അപേക്ഷിക്കാം (ഈ വിഭാഗത്തില്‍പ്പെടുന്ന എസ്.സി., എസ്.ടി.ക്കാര്‍ക്ക് 40 വയസ്സുവരെയും).  

ഉയരം പുരുഷന്‍-170 സെ.മീ. (എസ്.സി. വിഭാഗക്കാര്‍ക്ക് 162.5 സെ.മീ.),  വനിത-157 സെ.മീ. (എസ്.ടി. വിഭാഗക്കാര്‍ക്ക് 154 സെ.മീ.). പുരുഷന്മാര്‍ക്ക്  80. സെ.മീ. നെഞ്ചളവ് (വികാസം 85 സെ.മീ.). എസ്.ടി. വിഭാഗക്കാര്‍ക്ക് 77 സെ.മീ. നെഞ്ചളവ് മതി. (വികാസം 82 സെ.മീ.). 100 മീറ്റര്‍ ഓട്ടം-16 സെക്കന്‍ഡ്, 1.6 കി.മീ. ഓട്ടം-6.5 മിനിറ്റ്, ലോങ് ജംപ്-3.65 മീറ്റര്‍, ഹൈ ജംപ്-1.2 മീറ്റര്‍, ഷോട്ട് പുട്ട്- 4.5 മീറ്റര്‍. വനിത: 100 മീറ്റര്‍ ഓട്ടം-18 സെക്കന്‍ഡ്, 800 മീറ്റര്‍ ഓട്ടം-4 മിനിറ്റ്, ലോങ് ജംപ്-2.7 മീറ്റര്‍, ഹൈ ജംപ്-0.9 മീറ്റര്‍. അപേക്ഷകര്‍ക്ക് മുട്ടുതട്ട്, പരന്ന പാദം, വെരിക്കോസ് വെയിന്‍, കോങ്കണ്ണ് എന്നിവ പാടില്ല. ഇവയാണ് ശാരീരിക ക്ഷമതകൾ. 

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവ ഉണ്ടാകും. എഴുത്തുപരീക്ഷയ്ക്ക് 200 മാര്‍ക്കിന്റെ രണ്ട് പേപ്പറുകള്‍. രണ്ടുമണിക്കൂറാണ് ദൈര്‍ഘ്യം. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ നോളജ് ആന്‍ഡ് ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നിവയായിരിക്കും (50 മാര്‍ക്ക് വീതം) ഒന്നാംപേപ്പറിലെ വിഷയങ്ങള്‍. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെയാകും ഒന്നാംപേപ്പര്‍ പരീക്ഷ. രണ്ടാം പേപ്പറിന് ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷനാണ് വിഷയം. 

2021 മാര്‍ച്ച് ഒന്നിനായിരിക്കും രണ്ടാംപേപ്പറിന്റെ പരീക്ഷ നടത്തുക. ഒ.എം.ആര്‍. രീതിയിലാണ് പരീക്ഷ. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാര്‍ക്കുണ്ടാവും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍. ഒരേ റീജണിലെ മൂന്നുകേന്ദ്രങ്ങള്‍ അപേക്ഷകര്‍ക്ക് ഓപ്ഷനായി നല്‍കാം. വിശദമായ സിലബസിന് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. 

Follow Us:
Download App:
  • android
  • ios