ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വിവിധ സോണുകളിലെ 8500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിച്ചു തുടങ്ങാം. താല്‍പ്പര്യമുള്ളവര്‍ക്ക് എസ്.ബി.ഐയുടെ sbi.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2021 ജനുവരിയിലായിരിക്കും പരീക്ഷ.

ഒരു അംഗീകൃത സര്‍വകലാശാലയുടെ കീഴില്‍ നിന്ന് 2020 ഒക്ടോബര്‍ 31 ന് മുമ്പ് ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 20 വയസിനും 28 വയസിനും ഇടയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. 31-10-2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അതായതി 1-11-1992 ന് മുമ്പോ 31-10-2000 ത്തിന് ശേഷമോ ജനിച്ചവരായിരിക്കരുത് (ഈ രണ്ട് തീയതികളിലും ജനിച്ചവര്‍ക്ക് അപേക്ഷിക്കാം). എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപന്റുണ്ടാകും. ആദ്യ വര്‍ഷം മാസം 15,000 രൂപയും രണ്ടാമത്തെ വര്‍ഷം 16,500 രൂപയും മൂന്നാം വര്‍ഷം 19,000 രൂപയും ലഭിക്കും. മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഓണ്‍ലൈന്‍ പരീക്ഷയുടെയും തദ്ദേശീയ ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.

100 ചോദ്യങ്ങളുള്ള 100 മാര്‍ക്കിന്റെ പരീക്ഷയായിരിക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. ജനറല്‍/ ഫിനാന്‍ഷ്യല്‍ അവെയര്‍നെസ്-25, ജനറല്‍ ഇംഗ്ലീഷ്-25, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്-25, റീസണിങ് എബിലിറ്റി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് -25 എന്നിങ്ങനെയുള്ള ഭാഗങ്ങളുണ്ടാകും. ഓരോ ഭാഗത്തിനും 15 മിനിറ്റ് ആണ് അനുവദിച്ചിട്ടുള്ള സമയം.