തിരുവനന്തപുരം: കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ കാലത്ത് വളരെ വ്യത്യസ്തമായ ഒരു വിദ്യാഭ്യാസരീതിയിലേക്കാണ് കുട്ടികൾ എത്തിയിരിക്കുന്നത്.  കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായിട്ടാണ് കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസമൊരുക്കിയിരിക്കുന്നത്. ഓൺലൈൻ ക്ലാസ്സുകൾ എങ്ങനെയാണ് എന്നതിന്റെ ആകാംക്ഷയിലാണ് ഓരോ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും.

എന്നാല്‍ ഓൺലൈൻ പഠനം ഒന്നാം ദിവസം അവസാനിക്കുമ്പോൾ കുട്ടികൾക്ക് ഒരു പ്രിയപ്പെട്ട ടീച്ചറെ ലഭിച്ചിട്ടുണ്ട്. മുതുവടത്തൂർ വിവിഎൽപി സ്കൂൾ അധ്യാപികയായ സായി ശ്വേത. ടീച്ചറിനെ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടെന്നും ഇനിയും വരണേ എന്നും പറഞ്ഞ് എത്തിയിരിക്കുകയാണ്  ആദം എന്ന ഒന്നാം ക്സാസ് വിദ്യാര്‍ത്ഥി. സായി ടീച്ചറിന് കൊറേ ഉമ്മയും കൊടുത്താണ് ആദം ഇനിയും വരണേ എന്ന് വീണ്ടും വീണ്ടും പറയുന്നത്. ഒപ്പം പാട്ട് പാടാന്‍ അഞ്ജു ടീച്ചറും എത്തണമെന്നാണ് ആവശ്യം. സായി ടീച്ചറിന്‍റെ മിട്ടു പൂച്ചയും തങ്കു പൂച്ചയും കുരങ്ങനും കഥപറച്ചിലും കുട്ടികളെ എത്രയധികമാണ് സ്വാധിനിച്ചതെന്ന് അറിയാന്‍ ഈ ഒരൊറ്റ വീഡിയോ മതി.

''ടീച്ചറിന്റെ ക്ലാസ് അടിപൊളിയായിരുന്നു, തങ്കുപൂച്ചയും മിട്ടു പൂച്ചയും സൂപ്പറായിരുന്നു. നെയ്യപ്പം ചുട്ടപ്പോ അവരെന്ത് ചെയ്തു? വഴക്ക് കൂടി. അവസാനം എനിക്കറിയാം. കൊരങ്ങനൊണ്ടല്ലോ അത് പീസാക്കി ഒരുത്തന് വലുത് കൊടുത്തു, ഒരുത്തന് ചെറുത് കൊടുത്തു. പിന്നെയാ കൊരങ്ങൻ ഇച്ചിരെ കടിച്ചു ചെറുതാക്കി, അവന് കൊടുത്തു, മറ്റവനും കൊടുത്തു. അവസാനം മുഴുവൻ ഇല്ലാതാക്കി. ടീച്ചറിന്റെ ക്ലാസെനിക്ക് ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടു. ഇനീം ക്ലാസെടുക്കാൻ ടീച്ചറ്‍ തന്നെ വരണം. പിന്നെ അഞ്ജു ടീച്ചറിന്റെ പാട്ട് അടിപൊളിയാരുന്നു. പാട്ട് പാടാൻ വരണം. ഐ ലവ് യൂ സായി ടീച്ചറെ, അഞ്ജു ടീച്ചറെ.ഉമ്മ.;;  ആദം വീഡിയോയിൽ പറയുന്നു.

രണ്ട് ടീച്ചേഴ്സിനും ഒരുപാട് ഉമ്മയൊക്കെ കൊടുത്താണ് വീണ്ടും വരണമെന്ന് ആദം പറയുന്നത്. ഓൺലൈൻ പഠനം എന്തായിത്തീരുമെന്ന ആകാംക്ഷകൾക്കും ആശങ്കകളും വിരാമമിട്ട് പുതുതലമുറ സന്തോഷത്തോടെയാണ് പഠനത്തെ സ്വീകരിച്ചിരിക്കുന്നത്. ആലപ്പുഴ കായംകുളം ​ഗവൺമെന്റ് എൽപി സ്കൂൾ എരുവായിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദം.