കഴിഞ്ഞ നാല് വര്‍ഷമായി തൊഴിലിലുണ്ടായ നേട്ടങ്ങളെല്ലാം ലോക്ക്ഡൗൺ കാലത്ത് ഇല്ലാതായെന്ന് സര്‍വേ ചൂണ്ടിക്കാണിച്ചു. 

ദില്ലി: മെയ് മുതല്‍ ഓ​ഗസ്റ്റ് വരെയുള്ള നാലുമാസത്തിനിടെ രാജ്യത്ത് സോഫ്‍റ്റ്‍വെയർ എഞ്ചിനീയർമാർ, അധ്യാപകർ, അക്കൗണ്ടന്റുമാർ, അനലിസ്റ്റുകൾ തുടങ്ങി നിരവധിയാളുകൾക്ക് വൈറ്റ് കോളര്‍ ജോലികള്‍ നഷ്ടപ്പെട്ടതായി സർവ്വേ റിപ്പോർട്ട്. രാജ്യത്തെ 18.1 ദശലക്ഷം വൈറ്റ് കോളർ ജോലികളിൽ 5.6 ദശലക്ഷം ജോലികളാണ് നഷ്ടപ്പെട്ടതെന്ന് സെന്റർ ഫോർ മോണിറ്ററിം​ഗ് ഇന്ത്യൻ എക്കോണമി സർവ്വേയിൽ കണ്ടെത്തി. മാര്‍ച്ച് അവസാനവാരം മുതല്‍ രാജ്യത്ത് കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമുതല്‍ ഇന്ത്യയുടെ ഔദ്യോഗിക മേഖലയിലെ തൊഴിലില്ലായ്മ കുത്തനെ ഉയരുകയാണ്. 

വൈറ്റ് കോളർ ജോലികളിൽ 2016 മുതൽ നേടിയ നേട്ടങ്ങളാണ് ഈ നാലുമാസത്തിനുള്ളിൽ ഇല്ലാതായതെന്ന് സർവ്വേയിൽ വ്യക്തമാകുന്നു. കഴിഞ്ഞ നാല് വര്‍ഷമായി തൊഴിലിലുണ്ടായ നേട്ടങ്ങളെല്ലാം ലോക്ക്ഡൗൺ കാലത്ത് ഇല്ലാതായെന്ന് സര്‍വേ ചൂണ്ടിക്കാണിച്ചു. ഏപ്രിൽ ഓ​ഗസ്റ്റ് മാസങ്ങൾക്കിടയിൽ സംഘടിത അസംഘടിത മേഖലകളിലെ 21 മില്യൺ തൊഴിലുകളാണ് നഷ്ടപ്പെട്ടതെന്ന് സിഎംഐഇ സർവ്വേയിൽ കണക്കാക്കുന്നു. പ്രഫഷനലുകള്‍ക്കിടയിലെ തൊഴില്‍ നഷ്ടം 2019 മെയ്-ആഗസ്ത് കാലയളവില്‍ 1.88 കോടിയാണ്. 2020 ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ ഇത് 1.81 കോടിയായിരുന്നു.

2016 ജനുവരി മുതൽ വൈറ്റ്കോളർ തൊഴിൽ രം​ഗത്തെ മാറ്റങ്ങൾ സിഎംഐഇ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. 2016 ജനുവരി-ഏപ്രില്‍ കാലയളവില്‍ 12.5 ദശലക്ഷം വൈറ്റ് കോളര്‍ പ്രഫഷനല്‍മാരെ ജോലിക്ക് നിയമിച്ചിരുന്നു. 2019 മെയ് ഓ​ഗസ്റ്റ് മാസങ്ങളിൽ 18.8 ദശലക്ഷമായി വർദ്ധിച്ചു. എന്നാൽ പിന്നീട് വന്ന നാലുമാസം 18.7 ലെക്ക് താഴ്ന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ അത് 18.1 ലെത്തി. 2020 മെയ്-ആഗസ്ത് കാലയളവില്‍ തൊഴില്‍ 12.2 ദശലക്ഷമായി കുറഞ്ഞതായും സര്‍വേ വെളിപ്പെടുത്തി.

ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയ മാസങ്ങളില്‍ വ്യാവസായിക തൊഴിലാളികള്‍ക്കും കടുത്ത ദുരിതമുണ്ടായതായി സര്‍വേയില്‍ പറയുന്നു. വ്യാവസായിക തൊഴിലാളികള്‍ക്കിടയിലാണ് ഏറ്റവും വലിയ തൊഴില്‍ നഷ്ടം സംഭവിച്ചത്. മേഖലയില്‍ 5 ദശലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ 26 ശതമാനം തൊഴില്‍ കുറയുന്നതായാണ് മനസ്സിലാവുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

വ്യാവസായിക തൊഴിലാളികളുടെ ഇടിവ് പ്രധാനമായും ചെറുകിട വ്യവസായ യൂണിറ്റുകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സിഎംഐഇ സര്‍വേ അഭിപ്രായപ്പെട്ടു. ഇത് മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ യൂനിറ്റുകളില്‍ ലോക്ക്ഡൗണിന്റെ സ്വാധീനം സൂചിപ്പിക്കുന്നു. ലോക്ക്ഡൗണിന്റെ മാസങ്ങളും വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദവും രാജ്യത്തെ ശമ്പളക്കാരായ തൊഴിലാളികളെ സാരമായി ബാധിച്ചുവെന്ന് സിഎംഇഇ നേരത്തെ കണ്ടെത്തിയിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഇക്കണോമിക് തിങ്ക് ടാങ്കിന്റെ കണക്കനുസരിച്ച് ഏപ്രില്‍-ആഗസ്ത് കാലയളവില്‍ 21 ദശലക്ഷം അഥവാ 2.1 കോടി ശമ്പളക്കാരായ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികളെയും ലോക്ക് ഡൗൺ വലിയ തോതിൽ പ്രതിസന്ധിയിലാക്കി. പല മേഖലകളിലും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്തു. സിഎംഐഇ മാനേജിം​ഗ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞതായി ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. കൊവിഡിന് മുമ്പുള്ള സമ്പദ് വ്യവസ്ഥയിലേക്ക് തിരികെയത്താൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടി വരുമെന്ന് തൊഴിൽ സാമ്പത്തിക വിദ​ഗ്ധനും മുൻ ജെഎൻയു പ്രൊഫസറുമായ സന്തോഷ് മെഹ്റോത്ര അഭിപ്രായപ്പെട്ടു. ഈ കാലയളവിൽ 12.2 ദശലക്ഷം വൈറ്റ് കോളർ ജോലികൾ സംരക്ഷിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.