സംരംഭം തുടങ്ങാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ആശയ വികസനം, നിയമസഹായം, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ ഈ പദ്ധതിയിലൂടെ വിദഗ്ധ സഹായം ലഭിക്കും.

തിരുവനന്തപുരം: വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംരംഭകത്വ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങ് (പിസിഡബ്ല്യു) എന്ന പേരില്‍ സംരംഭക സഹായ പദ്ധതി ആരംഭിക്കുന്നു. ഓണ്‍ലൈനിലൂടെയോ വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസുകളിലൂടെയോ പ്രൊഫഷണല്‍ ബിസിനസ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്ഥിരതയുള്ള ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ വനിതകളും ട്രാന്‍സജെന്‍ഡര്‍ വ്യക്തികളും നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് സ്ഥിരതയുള്ള മൈക്രോ, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നതാണ് പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങ് പദ്ധതി. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനോ നിലവിലുള്ളത് വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കായി ആശയ വികസനം, സാധ്യതാ പഠനം, നിയമ നടപടികള്‍, പ്രോജക്ട് തയ്യാറാക്കല്‍, ധനകാര്യ ആസൂത്രണം, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്ര കണ്‍സള്‍ട്ടന്‍സി സഹായമാണ് പദ്ധതിയിലൂടെ നല്‍കുന്നത്. ഇതിനായി അതാത് മേഖലകളിലെ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കും.

കേരളത്തിലുടനീളമുള്ള വനിത, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കിടയില്‍ ദീര്‍ഘകാല സാമ്പത്തിക ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കാനാണ് വനിതാ വികസന കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. സംരംഭകത്വത്തിന് മാന്യതയും സ്വാതന്ത്ര്യവും സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. കേരളത്തിലെ സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും ഈ മാന്യതയും സ്വാതന്ത്ര്യവും നേടിയെടുക്കാന്‍ പ്രാപ്തരാക്കി, അവരെക്കൂടി ഉള്‍ക്കൊള്ളുന്ന സാമൂഹിക വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കാനാണ് പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിതാ വികസന കോര്‍പറേഷന്‍ മാനേജിം​ഗ് ഡയറക്ടര്‍ ബിന്ദു.വി.സി പറഞ്ഞു.