ലണ്ടന്‍: ബിസിനസ്സ് പുനരുജ്ജീവിപ്പിക്കാനുള്ള അവസാന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് യുകെ ട്രാവൽ ഭീമൻ തോമസ് കുക്ക് പാപ്പരായി !. തകർച്ചയിൽ നിന്ന് രക്ഷപെടാന്‍ 178 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുളള കമ്പനി സ്വകാര്യ നിക്ഷേപകരിൽ നിന്ന് 250 മില്യൺ ഡോളർ ആവശ്യപ്പെട്ടിരുന്നു. 'കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടും, ഈ ചർച്ചകൾ കമ്പനിയുടെ പങ്കാളികളും പുതിയ നിക്ഷേപകരും തമ്മിലുള്ള കരാറിൽ കലാശിച്ചിട്ടില്ല ' തോമസ് കുക്ക് പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയെ രക്ഷപെടുത്താനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിർബന്ധിത ലിക്വിഡേഷനിലേക്ക് നീങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ബോർഡ് തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ട്രാവൽ കമ്പനിയുടെ തകർച്ചയെത്തുടർന്ന്, യുകെ സർക്കാർ 150,000 ടൂറിസ്റ്റുകളെ സൗജന്യമായി നാട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ വിമാനങ്ങള്‍ തയ്യാറാക്കി. 

തോമസ് കുക്കിന്റെ തകർച്ചയും അതിന്റെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതിനെത്തുടർന്ന്, കുടുങ്ങിപ്പോയ കമ്പനിയുടെ ഉപഭോക്താക്കളെ സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് സർക്കാരും യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഡസൻ കണക്കിന് ചാർട്ടർ വിമാനങ്ങളെ തയ്യാറാക്കിയതായി ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഒരു പ്രസ്താവനയിറക്കി.