ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,600 കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് എയർ ഇന്ത്യയ്ക്ക് ഉണ്ടായത്. പ്രധാനമായും എണ്ണവിലയും വിദേശനാണ്യ നഷ്ടവും മൂലമാണ് ഈ നഷ്ടം ദേശീയ വിമാനക്കമ്പനിക്കുണ്ടായത്. എന്നാൽ, കടക്കെണിയിലായ കമ്പനി 2019-20 ൽ പ്രവർത്തനപരമായി ലാഭമുണ്ടാക്കുമെന്ന് എയര്‍ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

ബിസിനസ്സിലെ പ്രതികൂല സാഹചര്യങ്ങൾ മൂലം എയർലൈനിന്റെ അറ്റ ​​നഷ്ടം ഏകദേശം 8,400 കോടി രൂപയിലേക്ക് ഉയര്‍ന്നതായും 2018-19ൽ മൊത്തം വരുമാനം 26,400 കോടി രൂപയായി ഉയർന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂണില്‍ അവസാനിച്ച മൂന്ന് മാസങ്ങളിൽ വിമാനക്കമ്പനിയുടെ പ്രവർത്തന നഷ്ടം 175 മുതൽ 200 കോടി രൂപ വരെയാണ്. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതുമൂലം ഉയർന്ന ചിലവുകൾ ഉണ്ടാകുകയും നിയന്ത്രണങ്ങൾ ഏർപ്പെടുമ്പോൾ പ്രതിദിനം മൂന്ന് മുതൽ നാല് കോടി രൂപ വരെ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. 

ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ച നാല് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് 430 കോടി രൂപയുടെ നഷ്ടമുണ്ടായി. നിലവിൽ 41 അന്താരാഷ്ട്ര, 72 ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന എയർ ഇന്ത്യയുടെ ലോഡ് ഫാക്ടറും ആദായവും മെച്ചപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ലോഡ് ഫാക്ടർ സീറ്റ് ഒക്യൂപ്പൻസിയുടെ ഒരു അളവുകോലാണ്.