ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറോടെ ഓഹരി വിൽപ്പന നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ആലോചന. 

കഴിഞ്ഞ വർഷം ഡിസംബറിലാണ് എയർ ഇന്ത്യയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട പ്രാഥമിക ബിഡുകൾ ക്ഷണിച്ചത്. "ഒന്നിലധികം" ബിഡുകൾ ലഭിച്ചും, ഇതിൽ ടാറ്റ ഗ്രൂപ്പിന്റെ താൽപര്യപത്രവും ഉൾപ്പെടുന്നു.

പ്രാഥമിക ബിഡ്ഡുകൾ വിശകലനം ചെയ്ത ശേഷം യോഗ്യരായ ലേലക്കാർക്ക് എയർ ഇന്ത്യയുടെ വെർച്വൽ ഡാറ്റ റൂമിലേക്ക് (വിഡിആർ) പ്രവേശനം നൽകിയതായും തുടർന്ന് നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചതായും ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇടപാട് ഇപ്പോൾ ഫിനാൻഷ്യൽ ബിഡ് ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. 

2007 ൽ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതുമുതൽ നഷ്ടത്തിലായ എയർ ഇന്ത്യയിലെ 100 ശതമാനം ഓഹരിയും സർക്കാർ വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ്. കൊവിഡ് -19 മൂലമാണ് ഓഹരി വിൽപ്പന പ്രക്രിയ നീണ്ടുപോകുന്നത്. പ്രാഥമിക ബിഡ്ഡുകൾ സമർപ്പിക്കാനുള്ള സമയപരിധി അഞ്ച് തവണ സർക്കാർ നീട്ടുകയും ചെയ്തിരുന്നു.