ദില്ലി: എയര്‍ ഇന്ത്യയുടെ വില്‍പ്പന സംബന്ധിച്ച് അടുത്ത മാസം സര്‍ക്കാര്‍ പ്രാഥമിക ബിഡ് ക്ഷണിച്ചേക്കും. ദേശീയ വിമാനക്കമ്പനിയുടെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ബിഡ് ക്ഷണിക്കുക. നിലവില്‍ 58,000 കോടിയുടെ കടമാണ് എയര്‍ ഇന്ത്യ നേരിടുന്നത്. 

ചില കോണുകളില്‍ നിന്ന് എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതില്‍ താല്‍പര്യം വ്യക്തമാക്കിയിട്ടുളളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താൻ ശ്രമിച്ചതിന്റെ ഫലമായി 2018 ൽ എയർ ഇന്ത്യയുടെ ഓഹരി വിൽപ്പന ശ്രമം പരാജയപ്പെട്ടിരുന്നു. 

വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വയ്ക്കാൻ അനുവാദമില്ല. എയര്‍ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.