മുംബൈ: എയർ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം വീണ്ടും ശക്തമാക്കി കേന്ദ്രസർക്കാർ. എയര്‍ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വില്‍ക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങൾ നല്‍കുന്ന സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 

എയർ ഇന്ത്യയുടെ മൊത്തം കടം നിലവില്‍ 55,000 കോടി രൂപയാണ്. എയര്‍ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05 ട്രില്യൺ (1,05000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷ. 

സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താൻ ശ്രമിച്ചതിന്റെ ഫലമായി 2018 ൽ എയർ ഇന്ത്യയുടെ ഓഹരി വിൽപ്പന ശ്രമം പരാജയപ്പെട്ടിരുന്നു. വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വയ്ക്കാൻ അനുവാദമില്ല.