ദില്ലി: ഒക്ടോബറിലും ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരെ തങ്ങളുടെ ഭാഗമാക്കി ഭാരതി എയർടെൽ. 37 ലക്ഷം പേരെ കൂടി ചേർത്ത് തങ്ങളുടെ സബ്സ്ക്രൈബർമാരുടെ എണ്ണം 330.29 ദശലക്ഷത്തിലേക്ക് എത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ് കണക്ക്.

ജിയോ ഇതേ സമയത്ത് 22 ലക്ഷം പേരെയാണ് നെറ്റ്‌വർക്കിന്റെ ഭാഗമാക്കിയത്. എന്നാൽ വൊഡഫോൺ ഐഡിയ (വിഐ)ക്ക് 27 ലക്ഷം പേരെ നഷ്ടപ്പെട്ടു. സെപ്തംബറിലും എയർടെല്ലായിരുന്നു ഉപഭോക്തൃ വളർച്ചയിൽ മുന്നിൽ. 38 ലക്ഷം പേരെയാണ് എയർടെൽ അധികമായി ചേർത്തത്. അതേസമയം ജിയോയ്ക്ക് 15 ലക്ഷം പേരെ മാത്രമേ കൂടെ ചേർക്കാനായുള്ളൂ. എന്നാൽ വിഐക്ക് 46 ലക്ഷം പേരെ നഷ്ടമായി.

ജിയോക്ക് നിലവിൽ 406.36 ദശലക്ഷം ഉപഭോക്താക്കളുണ്ട്. വിഐക്ക് 292.84 ദശലക്ഷം ഉപഭോക്താക്കളുണ്ട്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി അപേക്ഷകൾ സെപ്തംബറിൽ 520.8 ദശലക്ഷമായിരുന്നത് ഒക്ടോബറിൽ 529.60 ദശലക്ഷമായി.