Asianet News MalayalamAsianet News Malayalam

ആമസോൺ-റിലയൻസ്-ഫ്യൂച്ചർ ​ഗ്രൂപ്പ് പോര് ക‌ടുക്കുന്നു: ഉടമകളുടെ പേര് പരാമർശിച്ച് സെബിക്ക് പരാതി നൽകി ആമസോൺ

സിം​ഗപ്പൂരിലെ വ്യവഹാര നടപടികൾക്ക് ഓഹരി വിൽപ്പനയെയും തുടർ നടപടികളെയും തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് ഫ്യൂച്ചർ ​ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
 

amazon- reliance- future group business war
Author
Mumbai, First Published Oct 31, 2020, 8:00 PM IST

യുഎസ് ഇ-കൊമേഴ്സ് കമ്പനിയുമായുളള കരാർ ബാധ്യതകൾ പാലിക്കുന്നതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആമസോൺ ഇന്ത്യൻ മാർക്കറ്റ് റെഗുലേറ്ററായ സെബിയോട് പരാതിപ്പെട്ടു. ഫ്യൂച്ചർ ​​ഗ്രൂപ്പ് ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ച് നേട്ടം ഉണ്ടാക്കിയതായും ആമസോൺ കുറ്റപ്പെ‌ടുത്തുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 

ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള കടുത്ത നിയമ തർക്കത്തിലാണ് ആമസോൺ. ഓഗസ്റ്റിൽ ഫ്യൂച്ചർ ​ഗ്രൂപ്പും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുളള ഓഹരി വിൽപ്പന കരാർ പുറത്തുവന്നതിന് പിന്നാലെയാണ് തർക്കം രൂക്ഷമായത്. ഫ്യൂച്ചർ ​ഗ്രൂപ്പ് 2019 ൽ തങ്ങളുമായി ഏർപ്പെട്ട കരാറുകൾ ലംഘിച്ചുവെന്ന് ആരോപണവുമായി ആമസോൺ രം​ഗത്ത് വരുകയായിരുന്നു.

ഇന്ത്യയിലെ മികച്ച റീട്ടെയിൽ സംരംഭങ്ങളിൽ ഒന്നായ ഫ്യൂച്ചർ റീട്ടെയിലുമായി മാത്രമല്ല, ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനിയുമായും ആമസോണിന്റ ബന്ധം ഇതോടെ വഷളായി. സിംഗപ്പൂർ ആര്ബിട്രേറ്ററിൽ നിന്ന് ഫ്യൂച്ചർ -റിലയൻസ് കരാർ തടയുന്നതിനുള്ള ഉത്തരവ് ആമസോൺ കഴിഞ്ഞ ഞായറാഴ്ച നേടിയതോടെ ബിസിനസ് ​ഗ്രൂപ്പുകൾ തമ്മിലുളള പോരാട്ടം ശക്തമായി. ഇതിന് പിന്നാലെയാണ് ഫ്യൂച്ചർ ​ഗ്രൂപ്പിനെതിരെ ഇപ്പോൾ ആമസോൺ സെബിയെ സമീപിച്ചിരിക്കുന്നത്.  

പ്രൊമോട്ടർ കുടുംബത്തിന്റെ പേര് പരാമർശിച്ചു

സിം​ഗപ്പൂരിലെ വ്യവഹാര നടപടികൾക്ക് ഓഹരി വിൽപ്പനയെയും തുടർ നടപടികളെയും തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് ഫ്യൂച്ചർ ​ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഫ്യൂച്ചറിന്റെ വാർത്താക്കുറിപ്പും സ്റ്റോക്ക് എക്സ്ചേഞ്ച് വെളിപ്പെടുത്തലുകളും ഇന്ത്യൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ അജയ് ത്യാഗിക്ക് ബുധനാഴ്ച അയച്ച കത്തിൽ ആമസോൺ പറയുന്നു. ഇക്കാര്യം അന്വേഷിച്ച് കരാർ അംഗീകരിക്കരുതെന്ന് റെഗുലേറ്ററോട് അന്താരാഷ്ട്ര റീട്ടെയിൽ ഭീമൻ ആവശ്യപ്പെട്ടു.

"ബിസിനസ് ​ഗ്രൂപ്പിന്റെ വെളിപ്പെടുത്തൽ പൊതുതാൽപര്യത്തിന് വിരുദ്ധമാണ്, പൊതു ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിക്കുന്നു... ബിയാനിമാരുടെ പ്രയോജനത്തിനായി മാത്രം തട്ടിപ്പ് നടത്തുന്നു, ”ആമസോൺ കത്തിൽ പറഞ്ഞു, കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചറിന്റെ പ്രൊമോട്ടർ കുടുംബത്തിന്റെ പേര് പരാമർശിച്ചാണ് അമസോണിന്റെ കത്ത്. 

ഫ്യൂച്ചർ ഗ്രൂപ്പിന്റെയും ബിയാനി കുടുംബത്തിന്റെയും വക്താവ് പുതിയ സംഭവ വികാസങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു. ഫ്യൂച്ചർ ഗ്രൂപ്പ് സ്രോതസ്സ് ആമസോണിന്റെ ആരോപണങ്ങൾ നിഷേധിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 
 

Follow Us:
Download App:
  • android
  • ios