ദില്ലി: അമേരിക്കൻ ഇ-കൊമേഴ്സ് ഭീമൻ ആമസോൺ 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് 11,400 കോടി രൂപയുടെ നിക്ഷേപം എത്തിച്ചതായി കണക്ക്. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് യൂണിറ്റുകളെല്ലാം വലിയ നഷ്ടം രേഖപ്പെടുത്തിയ കാലത്താണ് ഇത്രയും വലിയ തുക നിക്ഷേപമായി എത്തിയതെന്നാണ് പ്രത്യേകത.

ആമസോൺ സെല്ലർ സർവീസ്, ആമസോൺ ഹോൾസെയിൽ, ആമസോൺ പേ, ആമസോൺ ട്രാൻസ്പോർട്ടേഷൻ സർവീസസ് എന്നിവയുടെ ആകെ നഷ്ടം 2020 സാമ്പത്തിക വർഷത്തിൽ 7,899 കോടിയായി ഉയർന്നെന്നാണ് കണക്ക്. 2019 സാമ്പത്തിക വർഷത്തിൽ ഇത് 7014.5 കോടിയായിരുന്നു.

ആമസോൺ സെല്ലർ സർവീസിന് 5849.2 കോടിയും ആമസോൺ ഹോൾസെയിലിന് 133.2 കോടിയും ആമസോൺ പേയ്ക്ക് 1868.5 കോടിയും ആമസോൺ ട്രാൻസ്പോർട്ടേഷൻ സർവീസിന് 48.1 കോടിയുമായിരുന്നു നഷ്ടം വന്നത്.

2019 ൽ 71.1 കോടി ലാഭം നേടി ആമസോൺ ഇന്റർനെറ്റ് സർവീസും 2019-20 കാലത്ത് 20 ലക്ഷം നഷ്ടത്തിലേക്ക് വീണു. അതേസമയം മാതൃകമ്പനി ദശലക്ഷക്കണക്കിന് ഡോളറുകളാണ് പ്രമോഷനും അടിസ്ഥാന സൗകര്യ വികസനത്തിനും ലോജിസ്റ്റിക്സിനും കസ്റ്റമേർസിന് ഇളവായും നൽകിയത്.