ദില്ലി: ടെക് ഭീമനായ ആപ്പിൾ ഇന്ത്യയുടെ വരുമാനത്തിൽ 29 ശതമാനത്തിന്റെ വർധനവ്. 13755.8 കോടിയാണ് വരുമാനം. 2019 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 10673.7 കോടിയായിരുന്നു വരുമാനം. 

2019-20 സാമ്പത്തിക വർഷത്തിൽ 926.2 കോടിയായിരുന്നു ലാഭം. ഇത് 2018-19 കാലത്ത് 262.27 കോടിയായിരുന്നു. എന്നാൽ വരുമാന വർധനവിനെ കുറിച്ച് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിൽ സാംസങ്, വൺ പ്ലസ് തുടങ്ങിയ കമ്പനികളോടാണ് ആപ്പിളിന്റെ ഇന്ത്യയിലെ പോരാട്ടം. എന്നാൽ വലിയ തോതിലാണ് കമ്പനിയുടെ വളർച്ച. കൊവിഡ് കാലത്തും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് കമ്പനിയുടെ വളർച്ച.

ഫോക്സ്കോൺ, വിസ്ത്രോൺ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ആപ്പിളിന്റെ ഇന്ത്യയിലെ വളർച്ച. ഈയടുത്താണ് ആപ്പിൾ ഐഫോൺ 11 ന്റെ അസംബ്ലിങ് ഇന്ത്യയിൽ ആരംഭിച്ചത്. ജൂലൈ-സെപ്തംബർ പാദത്തിൽ എട്ട് ലക്ഷം സ്മാർട്ട്ഫോൺ യൂണിറ്റുകൾ കമ്പനി വിറ്റതായാണ് കണക്ക്.