ദുബായ്: സൗദി അറേബ്യയിലെ ആരാംകോയുടെ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണം കമ്പനിയുടെ വരാനിരിക്കുന്ന ഐപിഒയെ (പ്രാഥമിക ഓഹരി വില്‍പ്പന) ബാധിച്ചേക്കുമെന്ന് വിപണി നിരീക്ഷകര്‍. കമ്പനിയുടെ ഐപിഒ മൂല്യം കുറയാന്‍ ആക്രമണം ഇടയായാകുമോ എന്നാണ് ആശങ്ക. നവംബറില്‍ കമ്പനിയുടെ ഐപിഒ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ എണ്ണ ഉല്‍പ്പാദനത്തില്‍ ദിനംപ്രതി 5.7 മില്യണ്‍ ബാരലിന്‍റെ കുറവ് സൗദി വരുത്തി. സൗദിയുടെ ആകെ ഉല്‍പാദനത്തിന്‍റെ പകുതിയോളം വരുമിത്. ആക്രമണം ആരാംകോയുടെ ഐപിഒ പ്ലാനുകളെ വിഷമവൃത്തത്തിലാക്കിയേക്കുമെന്ന് യൂറേഷ്യ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കാ റിസര്‍ച്ച് വിഭാഗം തലവന്‍ എയം കെമില്‍ അഭിപ്രായപ്പെട്ടു. ആക്രമണം മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധി വര്‍ധിപ്പിച്ചതും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.