മുംബൈ: മാക്സ് ലൈഫ് ഇൻഷുറൻസിൽ 29 ശതമാനം അധിക ഓഹരി വാങ്ങാൻ ആക്‌സിസ് ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകി. ഇതോടെ ബാങ്കിന്റെ ഇൻഷുറൻസ് കമ്പനിയിലെ മൊത്തം ഓഹരി 30 ശതമാനത്തിലേക്ക് ഉയരും. മാക്സ് ഫിനാൻഷ്യൽ സർവീസസിന് നിലവിൽ മാക്സ് ലൈഫിൽ 72.5 ശതമാനം ഓഹരിയുണ്ട്. മിത്സുയി സുമിറ്റോമോ ഇൻഷുറൻസിന് (എംഎസ്ഐ) 25.5 ശതമാനം ഓഹരിയുണ്ട്. 

നിലവിൽ ഇൻഷുറൻസ് കമ്പനിയിൽ മൈനർ ഓഹരി ഉടമയാണ് ആക്‌സിസ് ബാങ്ക്. ആക്സിസ് ബാങ്ക് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കും മാക്സ് ലൈഫ് ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ലൈഫ് ഇൻഷുററുമാണ്.

ഇടപാട് പൂർത്തിയാക്കിയ ശേഷം, മാക്സ് ഫിനാൻഷ്യൽ സർവീസസും ആക്സിസ് ബാങ്കും തമ്മിലുള്ള 70:30 സംയുക്ത സംരംഭമായി മാക്സ് ലൈഫ് മാറും. നിർദ്ദിഷ്ട ഇടപാടുകൾ ആവശ്യമായ കോർപ്പറേറ്റ്, റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിന് വിധേയമാണ്.

മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് 2019 ൽ 19,987 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നു.