Asianet News MalayalamAsianet News Malayalam

സ്റ്റാർ‌‌ട്ടപ്പുകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു

കൊവിഡിന് ശേഷമുള്ള ബിസിനസ് ലോകത്ത് സാങ്കേതികവത്കരണവും ഡിജിറ്റലൈസേഷനും അത്യന്താപേക്ഷികമാവുന്ന സാഹചര്യത്തില്‍ മിതമായ ചെലവില്‍ അത് വ്യവസായികള്‍ക്ക് ലഭ്യമാക്കാനും അതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെച്ചപ്പെട്ട ബിസിനസുകള്‍ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതിയുടെ ഉദ്ദേശ്യം.

big demo day by start up mission
Author
Thiruvananthapuram, First Published Jun 12, 2020, 10:52 PM IST

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതന ആശയങ്ങളും പരിചയപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) ഡെമോ ഡേ സംഘടിപ്പിക്കുന്നു.

സംസ്ഥാനത്തെ വ്യവസായ -വാണിജ്യ സംഘടനകള്‍, ഐ ടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്, രാജ്യത്തെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ്  ജൂണ്‍ 25 മുതല്‍ 30 വരെ ബി​ഗ്  ഡെമോ ഡേ സംഘടിപ്പിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉപയാഗപ്പെടുത്താവുന്ന സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതില്‍ പങ്കെടുക്കുന്നതിന് അവസരം. 

കൊവിഡിന് ശേഷമുള്ള ബിസിനസ് ലോകത്ത് സാങ്കേതികവത്കരണവും ഡിജിറ്റലൈസേഷനും അത്യന്താപേക്ഷികമാവുന്ന സാഹചര്യത്തില്‍ മിതമായ ചെലവില്‍ അത് വ്യവസായികള്‍ക്ക് ലഭ്യമാക്കാനും അതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെച്ചപ്പെട്ട ബിസിനസുകള്‍ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതിയുടെ ഉദ്ദേശ്യം.

വ്യവസായികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ആവശ്യങ്ങള്‍ മനസ്സിലാക്കാനും വ്യവസായ സംഘടനകളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവിധ വ്യവസായ മേഖലകളിലെ പ്രശ്നങ്ങളും ആവശ്യങ്ങളും സ്റ്റാര്‍ട്ടപ്പുകളുമായി ചര്‍ച്ച ചെയ്യാന്‍ ആവിഷ്കരിച്ച 'റിവേഴ്സ് പിച്ച്' പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കെഎസ്‍യുഎമ്മിന്‍റെ യൂണിക് ഐഡി ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് ഡെമോ ഡേയിൽ പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ജൂണ്‍ 15 നു മുന്‍പായി www.startupmission.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക. 

Follow Us:
Download App:
  • android
  • ios