സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും പരിചയപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുകയുമാണ് രണ്ടുമാസത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന 'ബിഗ് ഡെമോ ഡേ'യുടെ  ലക്ഷ്യം.

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ധനകാര്യ, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ അനിവാര്യമായിരിക്കുന്ന സാങ്കേതികവിദ്യ മുന്നേറ്റങ്ങളെ കേന്ദ്രീകരിച്ച് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) ബിഗ് ഡെമോ ഡേ യുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. 

വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഓഗസ്റ്റ് 24 മുതല്‍ 28 വരെ നടക്കുന്ന പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ സങ്കേതികമികവും നൂതന ആശയങ്ങളും വ്യവസായങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമാണ് കെഎസ്‍യുഎം മുന്നോട്ടുവയ്ക്കുന്നത്.

സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും പരിചയപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുകയുമാണ് രണ്ടുമാസത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന 'ബിഗ് ഡെമോ ഡേ'യുടെ ലക്ഷ്യം.

വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഉപയുക്തമായ മികച്ച സാധ്യതയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് www.bit.ly/ksumbdd2 എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അവസാന തീയതി ഓഗസ്റ്റ് ഒന്നാണ്. കെഎസ്‍യുഎമ്മിന്‍റെ യുണീക്ക് ഐഡിയും സ്റ്റാര്‍ട്ടപ് ഇന്ത്യ ഡിപിഐഐടി സര്‍ട്ടിഫിക്കറ്റുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പരിഗണന. ഉപയോഗത്തിന് തയ്യാറായ ഉല്‍പ്പന്നങ്ങളോ, സേവനങ്ങളോ ഉണ്ടായിരിക്കണം. ഉല്‍പ്പന്നങ്ങളുടെ വ്യവസായിക ആവശ്യകത അനുസരിച്ചായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക. 

ഐടി സംരംഭകരുടെ കൂട്ടായ്മമായ ജിടെക്കിന്‍റേയും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേയും സഹകരണവും പരിപാടിക്കുണ്ട്. ബിഗ് ഡെമോ ഡേയുടെ ആദ്യ പതിപ്പില്‍ നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. രണ്ടായിരത്തിലധികം പേര്‍ സന്ദര്‍ശിച്ച പരിപാടിയില്‍ മുന്നൂറിലധികം തത്സമയ ആശയവിനിമയങ്ങള്‍ നടന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവേശിക്കാനാകുന്നതും ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതുമായ കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ വിപണവേദിയായ www.business.startupmission.in എന്ന ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിലൂടെയാണ് ബിസിനസുകള്‍ സാധ്യമാക്കുക.