Asianet News MalayalamAsianet News Malayalam

ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന്‍ ഓഗസ്റ്റ് 24 മുതൽ; വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം

വിദ്യാഭ്യാസം, സാമ്പത്തികം, എന്‍റര്‍പ്രൈസസ് എന്നീ  മേഖലകളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും.

Big Demo Day series of Kerala Startup Mission from Aug 24 onwards
Author
Thiruvananthapuram, First Published Aug 20, 2020, 6:41 PM IST

തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനും പ്രവര്‍ത്തനം ആധുനികവല്‍കരിക്കാനും വ്യവസായ, സംരംഭക മേഖലകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന്‍ ഓഗസ്റ്റ്  24 മുതല്‍ 28 വരെ ഓണ്‍ലൈനായി നടക്കും.

സ്റ്റാര്‍ട്ടപ്പുകളുടെ സേവനങ്ങളും ഉല്പന്നങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ധനകാര്യ, വിദ്യാഭ്യാസ, എന്‍റര്‍പ്രൈസസ് മേഖലകളെ കേന്ദ്രീകരിച്ച്  സംഘടിപ്പിക്കുന്ന രണ്ടാം പതിപ്പ് വിവിധ വ്യവസായ സംഘടനകളുടെയും ഐ.ടി കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സംരംഭം ഡിജിറ്റല്‍വല്‍കരിക്കാനോ സാങ്കേതികവല്‍കരിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത  അതി നൂതന ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാന്‍ ഈ ഓണ്‍ലൈന്‍ പരിപാടിയിലൂടെ അവസരം ലഭിക്കും. 

ഈ അഞ്ചു ദിവസങ്ങളിലായി രാവിലെ 10 മുതല്‍ 4 മണി വരെ നടക്കുന്ന പ്രദര്‍ശനത്തില്‍  വിദ്യാഭ്യാസം, സാമ്പത്തികം, എന്‍റര്‍പ്രൈസസ് എന്നീ  മേഖലകളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും. 24, 25 തിയതികളില്‍ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകളും  26 നു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളും 27, 28 തിയതികളില്‍ എന്‍റര്‍പ്രൈസസ് ടെക്നോളജിയില്‍  പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കും. ഈ സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. 

ഡെമോ ഡേ-യുടെ ആദ്യ എഡിഷനില്‍ രണ്ടായിരത്തോളം സന്ദര്‍ശകരും നൂറിലേറെ സ്റ്റാര്‍ട്ടപ്പുകളുമാണ് പങ്കെടുത്തത്. മുന്നൂറില്‍പരം ആശയവിനിമയ സെഷനുകളാണ് സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും തമ്മില്‍ നടന്നത്. 

Follow Us:
Download App:
  • android
  • ios