മുംബൈ: കൊവിഡ്-19 മൂലം മരണമടയുന്ന ജീവനക്കാരുടെ കുടുംബത്തിന് തുടര്‍ന്നും രണ്ട് വര്‍ഷത്തേക്ക് മുടങ്ങാതെ ശമ്പളം ലഭ്യമാക്കുമെന്ന് ബോറോസിൽ ലിമിറ്റഡും ബോറോസിൽ റിന്യൂവബിൾസ് ലിമിറ്റഡും അറിയിച്ചു.

കമ്പനിയുടെ ജീവനക്കാർ‌ക്ക് ലഭിക്കുന്ന മറ്റ് എല്ലാ അധിക ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് യോഗ്യത ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. മരണമടയുന്നവരുടെ കുട്ടികളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസവും കമ്പനി പരിപാലിക്കുമെന്ന് ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, ബോറോസിൽ റിന്യൂവബിൾസ് ലിമിറ്റഡിന്റെ മാർക്കറ്റിംഗ് മേധാവി സ്വപ്‌നിൽ വാലുഞ്ച് പറഞ്ഞു. 

കൊവിഡ്-19 പകര്‍ച്ചവ്യാധി ബാധിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിരവധി കമ്പനികൾ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. 

കമ്പനിയുടെ എഞ്ചിനീയറിംഗ് ഡയറക്ടറായിരുന്ന അഗർവാളിന്റെ സ്മരണയ്ക്കായി ഏപ്രിൽ 30 ന് ഗിഗ് സര്‍വീസസ് മാര്‍ക്കറ്റ് പ്ലേസ് അർബൻ കമ്പനി മോഹിത് അഗർവാൾ കൊവിഡ് റിലീഫ് ഫണ്ട് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കൊവിഡ് -19 മൂലമായിരുന്നു അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. കൂടുതല്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona