ദില്ലി: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി വിൽപ്പന സംബന്ധിച്ച ടെൻഡർ സമർപ്പിക്കാനുളള തീയതി കേന്ദ്ര സർക്കാർ നീട്ടി. നവംബർ 16 ആണ് പുതിയ തീയതി. ഇത് നാലാം വട്ടമാണ് ടെൻഡർ സമർപ്പിക്കാനുളള തീയതി സർക്കാർ നീട്ടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും തീയതി നീട്ടിയത്. 

മാർച്ച് ഏഴിനാണ് എണ്ണക്കമ്പനിയുടെ വിൽപ്പന സംബന്ധിച്ച ആദ്യ വിജ്ഞാപനം പുറപ്പെ‌ടുവിച്ചത്. ആദ്യ വിജ്ഞാപന അനുസരിച്ച് മേയ് രണ്ട് വരെ താൽപര്യപത്രം സമർപ്പിക്കാമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജൂൺ 13, ജൂലൈ 31, സെപ്റ്റംബർ 30 എന്നിങ്ങനെ സമയപരിധി കേന്ദ്ര സർക്കാർ മുൻപ് നീട്ടിയിരുന്നു.

ബിപിസിഎല്ലിൽ സർക്കാരിനുളള 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് തീരുമാനം. ഈ ഓഹരികൾക്ക് ഏകദേശം 42,000 കോടി രൂപയ്ക്കടുത്ത് മൂല്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 1000 കോടി ഡോളർ ആസ്തി മൂല്യമുളള കമ്പനികൾക്കാണ് ടെൻഡർ നടപടികളിൽ പങ്കെ‌ടുക്കാൻ ലേല നിബന്ധനകൾ പ്രകാരം അവകാശം. 

കൊച്ചി, മുംബൈ, ബിന (മധ്യപ്രദേശ്) തുടങ്ങിയ സ്ഥലങ്ങളിലെ ബിപിസിഎല്ലിന്റെ റിഫൈനറികൾ ഉൾപ്പെടെയാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അസമിലെ നുമാലി​ഗഡ് റിഫൈനറിയെ ഇടപാടിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് മറ്റ് ഏതെങ്കിലും പൊതുമേഖല എണ്ണക്കമ്പനിക്ക് കൈമാറുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ലേല നടപടികളിൽ പങ്കെടുക്കാൻ അവകാശമില്ല. 

പൊതുമേഖല  എണ്ണക്കമ്പനിയുടെ ഓഹരി വിൽപ്പന ഈ സാമ്പത്തിക വർഷം തന്നെ നടത്തുകയാണ് സർക്കാർ ലക്ഷ്യം.