Asianet News MalayalamAsianet News Malayalam

ഇനി 'ഒന്നിച്ച് മുന്നേറാം' എന്ന സന്ദേശവുമായി കെഎസ്‍യുഎം ബിസിനസ് ടു സ്റ്റാര്‍ട്ടപ്പ്സ് പദ്ധതിക്ക് തുടക്കമായി

റിവേഴ്സ് പിച്ചിങ് എന്ന പ്രക്രിയയിലൂടെ ഓരോ വ്യവസായവും സ്റ്റാര്‍ട്ടപ്പുകള്‍ക്കു  മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സെഷനുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും.

business to start ups project by ksum
Author
Thiruvananthapuram, First Published Jun 3, 2020, 5:26 PM IST

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വഴി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് തുടര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) ആവിഷ്കരിച്ച ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ് പദ്ധതിക്ക് തുടക്കമായി. 

സ്റ്റാര്‍ട്ടപ്പുകളും വ്യവസായ സ്ഥാപനങ്ങളും തമ്മില്‍ ദൃഢ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയുടെ ആദ്യപടിയായി  സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പ്രോഗ്രാമില്‍ ഇരുപത്തഞ്ചോളം വ്യവസായ അസോസിയേഷനുകളും പ്രമുഖ വ്യവസായങ്ങളും പങ്കെടുത്തു. അസോസിയേഷനില്‍ അംഗങ്ങളായ വ്യവസായങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് തങ്ങളുടെ പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ തേടുക  എന്നതാണ് പദ്ധതിയുടെ അടുത്ത പടിയായി ചെയ്യുന്നത്. ഇതിനുള്ള വേദി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെഎസ്‍യുഎം ഒരുക്കും. 

റിവേഴ്സ് പിച്ചിങ് എന്ന പ്രക്രിയയിലൂടെ ഓരോ വ്യവസായവും സ്റ്റാര്‍ട്ടപ്പുകള്‍ക്കു  മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സെഷനുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. പരമ്പരാഗത, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ പുതിയ സോഫ്റ്റ് വെയറുകള്‍, സേവനങ്ങള്‍, ഉല്പന്നങ്ങള്‍, വിപണനം അടക്കമുള്ള ബിസിനസ് തന്ത്രങ്ങള്‍ എന്നിവയാണ് അവതരിപ്പിക്കപ്പെടുന്നത്. 

ജി -ടെക്, സിഐഐ, ടൈ കേരള, ഗ്രേറ്റ് മലബാര്‍ ഇനിഷ്യേറ്റിവ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍, കെഎസ്എസ്ഐഎ കൊച്ചി, ലൈഫ്ലൈന്‍ ചേംബര്‍,  എംഎസ്എംഇ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇരുപത്തഞ്ചോളം സംഘടനകള്‍, ബിപിസിഎല്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എന്നിവയുടെ തൊണ്ണൂറോളം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios