തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി നിക്ഷേപകര്‍ക്ക് 27 ശതമാനം ലാഭവിഹിതം നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് വാർഷിക കണക്ക് അവതചരിപ്പിച്ചത് . പ്രളയകാലത്ത് വിമാനത്താവളം രണ്ടാഴ്ച്ച അടച്ചിടേണ്ടി വന്നിട്ടും മൊത്തവരമാനത്തില്‍ 17.52 ശതമാനം വര്‍ധനവ് നേടാന്‍ സിയാലിന് ക‍ഴിഞ്ഞത് നേട്ടാമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 551.41 കോടി രൂപയായിരുന്നു സിയാലിന്‍റെ മൊത്തവരുമാനം. എന്നാല്‍, ഈ വര്‍ഷം വരുമാനമായി നേടിയത് 650.34 കോടി രൂപയാണ്. 167 കോടി രൂപയുടെ ലാഭമാണ് സിയാല്‍ ഈ വര്‍ഷം കൈവരിച്ചത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് 27 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിക്കുകയായിരുന്നു. 

32.41ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 33.48 കോടി രൂപ ലഭിക്കും. സിയാലിന്‍റെ വളര്‍ച്ചയെക്കുറിച്ച് പറയാൻ ഏറെയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൂടുതലൊന്നും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് ചില ഓഹരി ഉടമകൾ പ്രതിഷേധിച്ചു. വാർഷിക പൊതുയോഗം പേരിന് മാത്രമാണ് നടത്തിയതെന്നാണ് ഇവരുടെ ആക്ഷേപം.