ദില്ലി: കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്ത് പ്രവർത്തനം പുനരാരംഭിച്ച 60 ശതമാനം സ്ഥാപനങ്ങളിലും 25 ശതമാനത്തിൽ താഴെ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രിയുടേതാണ് റിപ്പോർട്ട്.

അസംസ്കൃത വസ്തുക്കളുടെയും തൊഴിലാളികളുടെയും ലഭ്യതയിലുണ്ടായ കുറവാണ് പ്രധാന പ്രശ്നം. സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും അസംസ്കൃത വസ്തുക്കൾ കിട്ടാനില്ലെന്ന് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്ന് 57 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഒരു ശതമാനം പേർ ആരോഗ്യ പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ തുറക്കുന്നില്ലെന്ന് നിലപാടെടുത്തു.

ഏപ്രിൽ 24 നാണ് സർവേ നടത്തിയത്. സ്ഥാപന ഉടമകൾ തങ്ങളുടെ ജീവനക്കാരുടെ ദൈനംദിന യാത്രയും വിതരണ ശൃംഖല പുനസ്ഥാപിക്കുന്നതും വലിയ തലവേദനയാണെന്ന് സർവേയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നാണ് സിഐഐ ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലുടമ നൽകുന്ന ഒരു കത്ത് കൈവശം വച്ച് തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ അനുവാദം നൽകണമെന്നും സ്വകാര്യ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കണമെന്നും സിഐഐ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.