കൊച്ചി: ഗുജറാത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അൽകോക് ആഷ്ഡൗണിനെ കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കും. കേന്ദ്രമന്ത്രി മൻസൂക് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പ്രവർത്തനം നിലച്ചതാണ് ഗുജറാത്തിലെ അൽകോക് ആഷ്‌ഡൗൺ കപ്പൽശാല.

എന്നാൽ, പുതിയ ഏറ്റെടുക്കൽ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ബ്രിട്ടീഷ് ഉടമസ്ഥതതയിലാണ് അൽകോക് ആരംഭിച്ചത്. പിന്നീട് 1975 ൽ കേന്ദ്ര സർക്കാർ ഇതേറ്റെടുക്കുകയായിരുന്നു. 1994 ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാർ ഇതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. ഗുജറാത്തിലെ ഭാവ്‌നഗറിലും ചാഞ്ചിലുമായി കമ്പനിക്ക് രണ്ട് കപ്പൽ നിർമ്മാണ യാർഡുകളുണ്ട്. ഇത് രണ്ടും പ്രവർത്തനം അവസാനിപ്പിച്ചിട്ട് ഏതാനും വർഷങ്ങളായി.

കൊൽക്കത്ത, മുംബൈ, ആൻറമാൻ എന്നിവിടങ്ങളിലേക്ക് ഇതിനോടകം കൊച്ചി കപ്പൽശാല പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ നസീർഗഞ്ചിൽ ഉൾനാടൻ ജലയാനങ്ങളുടെ നിർമ്മാണത്തിനായി പുതിയ യാർഡ് നിർമ്മിക്കുകയാണ് കൊച്ചി കപ്പൽശാല. കൊൽക്കത്ത തുറമുഖത്ത് ഒരു ഡ്രൈ ഡോക്കും കൊച്ചി കപ്പൽശാലയ്ക്കുണ്ട്. മുംബൈ തുറമുഖത്ത് ഇന്ദിര ഡോക്‌യാർഡ്, ആന്റമാനിലെ പോർട്ട് ബ്ലെയറിൽ ഷിപ്പ് റിപ്പയർ യാർഡും കൊച്ചി കപ്പൽശാലയുടെ ഉടമസ്ഥതയിലാണ്.