Asianet News MalayalamAsianet News Malayalam

റോയിയുടെ പാപ്പരത്ത ഹർജി നിർണായകമാകും: ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പലതവണ മാറ്റി; നിക്ഷേപകരുടെ പണം എവിടെപ്പോയി?

ഏഴ് വർഷം കൊണ്ട് പണം ഇരട്ടിയാകുന്ന എംആർപിഎൻ സ്കീം, അഞ്ച് വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന ബോണ്ടുകൾ തുടങ്ങിയവയിലൂടെയും നിക്ഷേപം റോയിയും കുടുംബവും തങ്ങളുടെ കമ്പനിയിലേക്ക് ആകർഷിച്ചു. സുഹൃത്തുക്കളെയും ബന്ധക്കളെയും ഉപയോ​ഗിച്ചും പോപ്പുലറിന്റെ കമ്പനികളിലേക്ക് ഇവർ നിക്ഷേപം എത്തിച്ചു. 

court decision on insolvency petition is crucial in popular finance fraud
Author
Thiruvananthapuram, First Published Sep 4, 2020, 3:55 PM IST

പോപ്പുലർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച പണം എവിടെപ്പോയി എന്ന വിഷയത്തിൽ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. ഏതെങ്കിലും വൻകിട പദ്ധതികളിലോ സംരംഭത്തിലോ പണം മുടക്കിയതായി ഇതുവരെ പോലീസ് പിടിയിലുളള റോയി ഡാനിയലും കുടുംബവും വ്യക്തമാക്കിയിട്ടില്ല. കൊവിഡ് -19 നെ തുടർന്നുളള ലോക്ക്ഡൗൺ കാലത്തെ നഷ്ടം മാത്രമാണ് ഇപ്പോഴുളള പ്രതിസന്ധികൾക്ക് കാരണമായി ഇവർ പറയുന്ന ന്യായം !

അര നൂറ്റാണ്ട് പിന്നിട്ട ധനകാര്യ സ്ഥാപനം ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായി എന്ന വാദ​ഗതി അത്ഭുതപ്പെടുത്തുന്നതുമാണ്. നിക്ഷേപകർ അറിയാതെ പണം മറ്റ് 21 കമ്പനികളിലേക്ക് വകമാറ്റിയതായി അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. ഇത്തരത്തിൽ കടലാസ് കമ്പനികളായ എൽഎൽപികളിലേക്ക് (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്) വകമാറ്റിയിരുന്ന പണം എന്ത് ചെയ്യുന്നെന്നോ എവിടേക്കാണ് ഈ തുക ഒടുവിൽ എത്തിച്ചേരുന്നതെന്നോ ബ്രാഞ്ചുകളുടെ ചുമതലക്കാർക്കോ നിക്ഷേപകനോ അറിവുണ്ടായിരുന്നില്ല. 

ഇത്തരം നിക്ഷേപങ്ങളുടെ ഭാ​ഗമായി ലഭിക്കുന്ന ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റിൽ തോമസ് ഡാനിയൽ എന്ന റോയിയുടെയോ മകൾ റിനു മറിയത്തിന്റെയോ കയ്യൊപ്പ് നൽകിയിരുന്നു. രാജ്യത്തെ നിയമപ്രകാരം 200 പേരിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ ഇത്തരം കമ്പനികൾക്ക് സാധ്യമായിരുന്നില്ല. അതിനാൽ ഈ പരിധി കഴിയുമ്പോൾ ഓരോ പുതിയ എൽഎൽപികൾ തുടങ്ങി അവിടേക്ക് ശാഖകളിൽ എത്തുന്ന നിക്ഷേപം മാറ്റുകയായിരുന്നു തട്ടിപ്പിന്റെ രീതി. സാൻ പോപ്പുലർ ഫിനാൻസ് ലിമിറ്റഡ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ എക്സ്പോർട്ടേഴ്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ്, സാൻ പോപ്പുലർ ബോണ്ട്, മേരി റാണി നിധി ലിമിറ്റഡ്, മൈ പോപ്പുലർ മറൈൻ, സാൻ പോപ്പുലർ ഇ കംപ്ലയൻസ്, സാൻ പോപ്പുലർ ബിസിനസ് സൊലൂഷൻ, സാൻ ഫ്യുവൽസ്, വകയാർ ലാബ്, പോപ്പുലർ സൂപ്പർ മാർക്കറ്റ് തുടങ്ങിയവയുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. 

എല്ലാ സ്വത്തുക്കളും കോടതിക്ക് മുന്നിൽ വരണം

ഏഴ് വർഷം കൊണ്ട് പണം ഇരട്ടിയാകുന്ന എംആർപിഎൻ സ്കീം, അഞ്ച് വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന ബോണ്ടുകൾ തുടങ്ങിയവയിലൂടെയും നിക്ഷേപം റോയിയും കുടുംബവും തങ്ങളുടെ കമ്പനിയിലേക്ക് ആകർഷിച്ചു. സുഹൃത്തുക്കളെയും ബന്ധക്കളെയും ഉപയോ​ഗിച്ചും പോപ്പുലറിന്റെ കമ്പനികളിലേക്ക് ഇവർ നിക്ഷേപം എത്തിച്ചു. പോലീസിൽ കീഴടങ്ങുന്നതിന് മുൻപ് റോയി ഡാനിയൽ കോട‌തിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ റോയി ഡാനിയേലിന്റെ പാപ്പരത്ത ഹർജി നിർണായകമാകുമെന്നാണ് നിയമ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

"ഇവർ സ്വത്തുക്കൾ ഓസ്ട്രേലിയയിലേക്കും ജിസിസി രാജ്യങ്ങളിലേക്കും കടത്തിയതായാണ് അറിയുന്നത്. അങ്ങനെ ഉണ്ടെങ്കിൽ പാപ്പരത്ത ഹർജിയിലെ (ഇൻസോൾവൻസി) വാദങ്ങളും കോടതിയുടെ തീരുമാനവും പ്രസക്തമാകും. സമാനമായ കേസുകളു‌ടെ കാര്യമെടുത്താൽ പാപ്പരത്ത ഹർജികൾ പ്രതികൾ രക്ഷപെടാനായി ഉപയോഗിക്കാറുണ്ട്," നിയമവിദ​ഗ്ധനായ അഡ്വ എസ് രഘു കുമാർ പറഞ്ഞു.

ഇൻസോൾവൻസി പെറ്റീഷനുമായി ഒരാൾ കോടതിക്ക് മുന്നിൽ എത്തുകയാണെങ്കിൽ അയാളുടെ സ്വത്ത് വകകളെല്ലാം അയാൾ കോടതിക്ക് മുന്നിൽ സറണ്ടർ ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇക്കാര്യത്തിൽ രാജ്യത്തിന് പുറത്തേക്ക് പണം കടത്തിയതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ അവയും കോടതിക്ക് മുന്നിൽ വരണം. പോലീസിന്റെ ഇടപെടൽ ഇക്കാര്യത്തിൽ വളരെ പ്രസക്തമാണെന്നും അഡ്വ രഘു കുമാർ അഭിപ്രായപ്പെ‌ടുന്നു.

വാർഷിക ജനറൽ ബോഡി അറിഞ്ഞോ?

21 കമ്പനികളിലേക്കാണ് റോയിയും കുടുംബവും നിക്ഷേപം വകമാറ്റിയത്. ഫിനാൻസിൽ നിന്ന് നിക്ഷേപം വകമാറ്റിയിരിക്കുന്ന എൽഎൽപികളുടെ രജിസ്ട്രേഷൻ നടത്തിയത് നിക്ഷേപകർക്ക് അവയുടെ പേരിലുളള നിക്ഷേപ സർട്ടിഫിക്കറ്റ് കൊടുത്തതിന് ശേഷമാണെങ്കിൽ അത് അതിഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നാണ് നിയമ വിദ​ഗ്ധർ പറയുന്നത്.

"വാർഷിക ജനറൽ ബോഡിയിൽ അറിയിക്കാതെയാണ് നിക്ഷേപകരുടെ പണം മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയതെങ്കിൽ അത് കുറ്റകരമായ ഒന്നാണ്. ഇനിയും ഒരുപാട് വസ്തുതകൾ ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവരാനുണ്ട്. ആസ്തികൾ മറ്റ് വ്യക്തികളുടെ പേരിൽ കുറ്റക്കാർ വകമാറ്റിയിട്ടുണ്ടോ? എങ്കിൽ അത് എത്രമാത്രമാണ് എന്നതും അന്വേഷിക്കേണ്ടതുണ്ട്," രഘു കുമാർ പറഞ്ഞു.

ഇത്തരം സാമ്പത്തിക തട്ടിപ്പിൽ ഇരയാകുന്നവർക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജില്ലകൾ തോറും ഉളള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ എന്നിവയെ പ്രാഥമിക ഘട്ടത്തിൽ സമീപിക്കാമെന്നാണ് നിയമ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. 

"ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഇപ്പോൾ എവിടെയും നൽകാം--- ബ്രാഞ്ച് ഓഫീസ് ഉളളടത്ത്, ട്രാൻസാക്ഷൻ നടന്ന സ്ഥലം, പരാതിക്കാരൻ താമാസിക്കുന്ന സ്ഥലം, ഈ മൂന്നിടത്തും ബന്ധപ്പെട്ട ത‌ട്ടിപ്പിന് ഇരയാകുന്നവർക്ക് നീതിക്കായി പരാതികൾ ഫയൽ ചെയ്യാം," 

"പാപ്പരത്ത ഹർജിയിൽ പോപ്പുലറിന്റെ നിക്ഷേപകർക്കും പങ്കുചേരാം. കോടതിയിൽ ഫിനാൻസിന്റെ ഉടമകളു‌ടെ ഹർജി അവർക്കും ചോദ്യം ചെയ്യാം. പ്രസ്തുത കേസിലും പാപ്പർ ഹർജിയിലും പോലീസിന്റെ അന്വേഷണ റിപ്പോർട്ടും ഹാജരാക്കുന്ന രേഖകളുമായിരിക്കും ഏറെ പ്രസക്തമാകുക. കോ‌ടതിക്ക് മുന്നിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവർ രാജ്യത്തിന് പുറത്തേക്ക് കടത്തിയ സ്വത്തിന്റെ അളവ് ഉറപ്പായും വരേണ്ടതുണ്ട്. പാപ്പരത്തം അനുവദിച്ചാൽ നിലവിലെ സാഹചര്യത്തിൽ അത് നിക്ഷേപകർക്ക് കാര്യങ്ങൾ എതിരായേക്കാം," രഘു കുമാർ കൂട്ടിച്ചേർത്തു.

ചേർച്ചയില്ലാത്ത കണക്കുകൾ

സ്ഥാപനത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പലതവണ മാറ്റിയതായും സൂചനകൾ പുറത്തുവരുന്നു. കൃത്യമായ ഓഡിറ്റ് വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ മറ്റ് അനവധി കുറുക്കുവഴികളും സ്ഥാപന ഉടമകൾ സ്വീകരിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസിന്റെ ഹെഡ് ഓഫീസിൽ നിന്ന് ലഭിക്കുന്ന കണക്കുകളു‌ം ശാഖകളിൽ നിന്ന് ലഭിക്കുന്ന കണക്കുകളും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. റോയി ഡാനിയലിനെയും കുടുംബത്തെയും കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ നിക്ഷേപങ്ങളെ സംബന്ധിച്ച കൂടുതൽ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസുളളത്. റോയി ഡാനിയലിന്റെ സഹോദരീ ഭർത്താവിന് ഓസ്ട്രേലിയയിൽ പോപ്പുലർ ​ഗ്രൂപ്പ് എന്ന പേരിൽ സ്ഥാപനം ഉളളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

എന്നാൽ, ഈ സ്ഥാപനത്തിന് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോപ്പുലർ ഫിനാൻസിൽ ജോലി ചെയ്തിരുന്നവരെ വിളിച്ചുവരുത്തി അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. പോപ്പുലർ ഫിനാൻസിന്റെ ഹെഡ് ഓഫീസിൽ ജോലി ചെയ്തിരുന്നവരിൽ നിന്ന് കേസിന് സഹായകരമായ വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.     
 

Follow Us:
Download App:
  • android
  • ios