Asianet News MalayalamAsianet News Malayalam

ആശങ്ക വേണ്ട, ലക്ഷ്മി വിലാസ് ബാങ്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങളും തുടരുമെന്ന് ഡിബിഎസ് ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ഗ്രൂപ്പ് ഹോൾഡിം​ഗ്സിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി സംയോജിപ്പിച്ചു. 2020 നവംബര്‍  27 മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്.

DBS Bank to continue all the services offered by LVB
Author
Chennai, First Published Dec 2, 2020, 7:11 PM IST

ചെന്നൈ: ലക്ഷ്മി വിലാസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നൽകിയിരുന്ന എല്ലാ ബാങ്കിങ് സേവനങ്ങളും തുടരുമെന്ന് ഡിബിഎസ് ബാങ്ക് വ്യക്തമാക്കി. പഴയ ലക്ഷ്മി വിലാസ് ബാങ്ക് നൽകിയിരുന്ന പലിശ നിരക്കായിരിക്കും എസ്ബി അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബാധകം. ലക്ഷ്മി വിലാസ് ബാങ്കിന്റെ എല്ലാ ജീവനക്കാരും നേരത്തെയുള്ള അതേ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ജീവനക്കാരായി തുടരും.

ലക്ഷ്മി വിലാസ് ബാങ്കിന്റെ സംവിധാനങ്ങളും ശൃംഖലയും വരും മാസങ്ങളില്‍ ഡിബിഎസ് ആയി മാറ്റുന്നതിന് ഡിബിഎസ് സംഘം ലക്ഷ്മി വിലാസ് സഹപ്രവര്‍ത്തകരുമായി സംയോജിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. സംയോജനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഡിബിഎസ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അടക്കമുള്ള പൂര്‍ണ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാവുമെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

സംയോജന നടപടികള്‍ ലക്ഷ്മി വിലാസ് ബാങ്ക് നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും സുസ്ഥിരത ലഭ്യമാക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഡിബിഎസ് ബാങ്ക് ഇന്ത്യ സിഇഒ സുരോജിത്ത് ഷോം ചൂണ്ടിക്കാട്ടി. ലക്ഷ്മി വിലാസ് ബാങ്ക് ഇടപാടുകാര്‍ക്കുള്ള ശക്തമായ ബാങ്കിങ് പങ്കാളിയാകുന്നതിനായി  തങ്ങളുടെ പുതിയ സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊറട്ടോറിയം പിൻവലിച്ചു

ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ഗ്രൂപ്പ് ഹോൾഡിം​ഗ്സിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി സംയോജിപ്പിച്ചു. 1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 45-ാം വകുപ്പ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ സംയോജന പദ്ധതി. 2020 നവംബര്‍  27 മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്.

ലക്ഷ്മി വിലാസ് ബാങ്കിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം 2020 നവംബര്‍ 27-ന് പിന്‍വലിക്കുകയും എല്ലാ ശാഖകളിലും ഡിജിറ്റല്‍ സംവിധാനങ്ങളിലും ഉടന്‍ തന്നെ സേവനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എടിഎമ്മുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബാങ്ക് വ്യക്തമാക്കി.

ബാങ്ക് സംയോജനത്തിനും ഭാവി വളര്‍ച്ചയ്ക്കും വേണ്ടി ഡിബിഎസ് ഗ്രൂപ്പ് ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്ക് 2,500 കോടി രൂപ ലഭ്യമാക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യയില്‍ 1994 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡിബിഎസ് 2019 മാര്‍ച്ചില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയിലേക്കു മാറ്റുകയായിരുന്നു.  ഫോബ്‌സ് 2020-ലെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഡിബിഎസിനെ ഉള്‍പ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios