Asianet News MalayalamAsianet News Malayalam

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാല ബ്ലോക്ചെയിന്‍ പ്രോഗ്രാം തുടങ്ങുന്നു

ഡിയുകെയുടെ നേതൃത്വത്തില്‍ ഇഡിഐഐ, കെബിഎ എന്നിവ സംയുക്തമായി ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ സൂക്ഷ്മമായ കോഴ്സുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.
 

Digital University Kerala starts blockchain program for Entrepreneurs and Startups
Author
Thiruvananthapuram, First Published May 12, 2021, 8:41 PM IST

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയില്‍ നൈപുണ്യം നേടാനും വ്യവസായങ്ങള്‍ തുടങ്ങാനും സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡിജിറ്റല്‍ സര്‍വകലാശാല (ഡിയുകെ) ഓണ്‍ലൈനായി സര്‍ട്ടിഫൈഡ് ബ്ലോക്ചെയിന്‍ സ്റ്റാര്‍ട്ടപ് പ്രോഗ്രാമിന് തുടക്കമിട്ടു.  

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയായ ഡിയുകെ സംസ്ഥാന സര്‍ക്കാരിന്‍റെ കേരള ബ്ലോക്ചെയിന്‍ അക്കാദമി (കെബിഎ), അഹമ്മദാബാദിലെ ഓന്‍ട്രപ്രെന്യൂര്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. ജൂണ്‍ ഏഴിന് ആദ്യ ബാച്ച് ആരംഭിക്കും. 
 
ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാന വിവരങ്ങളും സര്‍ക്കാര്‍, ബാങ്കിംഗ്, സപ്ലൈചെയിന്‍, റിയല്‍ എസ്റ്റേറ്റ്, പരിസ്ഥിതി, ആരോഗ്യ പരിരക്ഷ തുടങ്ങിയ മേഖലകളില്‍ ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കുന്നതിനുള്ള വിവരങ്ങളും 14 ദിവസത്തെ പ്രോഗ്രാമിലൂടെ ലഭിക്കും. സംരംഭകത്വത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനൊപ്പം ബ്ലോക്ചെയിന്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും ഇതിലൂടെ നല്‍കും.
 
ലോകത്തെവിടെയുമുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഈ പ്രോഗ്രാമില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും നിയമവശങ്ങള്‍, വിപണനം, ബ്രാന്‍ഡിംഗ്, നിക്ഷേപ സമാഹരണം എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്ന വിഷയങ്ങളുണ്ട്. നിലവില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വ്യവസായങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യും.  

ഡിയുകെയുടെ നേതൃത്വത്തില്‍ ഇഡിഐഐ, കെബിഎ എന്നിവ സംയുക്തമായി ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ സൂക്ഷ്മമായ കോഴ്സുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. പരിവര്‍ത്തനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയായ ബ്ലോക്ചെയിനിലൂടെ സംരംഭങ്ങളെ സുസ്ഥിരമാക്കാന്‍ കഴിയുമെന്ന് പ്രോഗ്രാമിനെക്കുറിച്ച് വിവരിച്ചുകൊണ്ട് നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഡിയുകെ വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ് പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios