Asianet News MalayalamAsianet News Malayalam

ജനപ്രിയം 'ഡോളോ 650': കൊവിഡ് കാലത്ത് വിൽപ്പന കുതിച്ചുയർന്നു, അമ്പരന്ന് കമ്പനിയും

തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന മൈക്രോ ലാബ്സ് എന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് 1983 ലാണ് ദിലീപ് സുരന എത്തുന്നത്

Dolo 650 maker Micro Labs Dilip Surana on growth during pandemic
Author
Mumbai, First Published Jan 23, 2022, 12:07 PM IST

ദില്ലി: കൊവിഡ് കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് എന്താണ് എന്ന് ചോദിച്ചാൽ ഇന്ത്യാക്കാർ ഒറ്റ ശബ്ദത്തിൽ പറയും, ഡോളോ 650. മരുന്ന് വിപണിയിൽ പ്രചാരത്തിൽ പിന്നിലായിരുന്ന ഡോളോയുടെ വൻ വളർച്ചയാണ് കൊവിഡ് കാലത്ത് ഇന്ത്യ കണ്ടത്. അതാകട്ടെ, ഡോളോയുടെ നിർമ്മാതാക്കളായ മൈക്രോ ലാബ്സ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കമ്പനിയുടെ സിഎംഡി ദിലീപ് സുരന പറയുന്നത്.

തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന മൈക്രോ ലാബ്സ് എന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് 1983 ലാണ് ദിലീപ് സുരന എത്തുന്നത്. നാല് പതിറ്റാണ്ടോളം നീണ്ട ബിസിനസ് കരിയറാണ് ഇദ്ദേഹത്തിന്റേത്. മരുന്ന് വിപണിയിൽ എതിരാളികളില്ലാതെ പ്രവർത്തിച്ച പാരസെറ്റാമോൾ 500 നേക്കാൾ ഫലവത്തായ മരുന്ന് എന്ന നിലയിലാണ് ഡോളോ 650 എംജി 1993 ൽ മൈക്രോ ലാബ്സ് രംഗത്തിറക്കിയത്. 

പനിക്കും ശരീര വേദനയ്ക്കുമുള്ള മരുന്ന് പാരസെറ്റാമാൾ 650 വിഭാഗത്തിൽ ഒന്നാമതെത്തി. പതിറ്റാണ്ടുകളോളം ഈ രംഗത്ത് മുന്നിലുണ്ടെങ്കിലും പ്രചാരം വർധിപ്പിക്കാൻ കമ്പനി ഒരു രൂപ പോലും പരസ്യത്തിന് ചെലവാക്കിയില്ല. കൊവിഡ് കാലത്ത് പനിയും തലവേദനയും ലക്ഷണങ്ങളായി വന്നതോടെ, രോഗികളെ ഡോക്ടർമാർ നേരിട്ട് കാണുന്നതും നിർത്തി. ഈ ഘട്ടത്തിൽ വാട്സ്ആപ്പിലൂടെയും മറ്റും ശബ്ദ സന്ദേശങ്ങളായി ഡോളോ 650 രോഗികളിലേക്കെത്തി. രോഗികൾ പരസ്പരം ഡോളോ 650 നിർദ്ദേശിച്ചതോടെ അത് വലിയ തോതിൽ കമ്പനിയുടെ വിപണിയിലെ സ്വീകാര്യതയും വിൽപ്പനയും വർധിപ്പിച്ചു.

കൊവിഡ് കാലത്ത് 600 ലേറെ മെഡിക്കൽ റെപ്രസെന്ററ്റീവുമാരും മാനേജർമാരും രംഗത്തിറങ്ങി. ഡോളോ 650 ക്ക് ഒരിടത്തും ദൗർലഭ്യം ഉണ്ടാകരുതെന്ന നിർബന്ധബുദ്ധിയോടെയാണ് കമ്പനി പ്രതിനിധികൾ പ്രവർത്തിച്ചതെന്നും ദിലീപ് സുരന പറയുന്നു. ആഭ്യന്തര വിപണിയിൽ സ്വാധീനം വർധിപ്പിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. അമേരിക്കിയിലും യൂറോപ്പിലും കൂടുതൽ പ്രാധാന്യം നൽകാനും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ വിൽപ്പന വർധിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നുണ്ട്. 

ഇനീഷ്യൽ പബ്ലിക് ഓഫറിങിലേക്ക് ഉചിതമായ സമയത്ത് കടക്കുമെന്നാണ് ഇപ്പോൾ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ ബിസിനസ് വിപുലീകരണവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതാണെന്നും ദിലീപ് പറയുന്നു.  ബെംഗളൂരുവിലും മുംബൈയിലും കമ്പനിക്ക് രണ്ട് ഗവേഷണ ലാബുകളുണ്ട്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Follow Us:
Download App:
  • android
  • ios