കൊച്ചി: ഈസ്റ്റേണ്‍ ഗ്രൂപ്പിന്‍റെ ഭാഗമായ നന്മ പ്രോപ്പര്‍ട്ടീസ് അഫോഡബിള്‍ ഹൗസിങ് മേഖലയിലേക്ക് കടക്കുന്നു. താങ്ങാവുന്ന ഭവനങ്ങളുടെ വിപണിക്കായി കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങല്‍ പ്രഖ്യാപിച്ചതിനെ തടുര്‍ച്ചയാണ് ഈസ്റ്റേണ്‍ ഗ്രൂപ്പിന്‍റെ ഈ നീക്കം. 2500 കോടി രൂപയുടെ നിക്ഷേപവുമായാണ് ഗ്രൂപ്പ് കമ്പനിയായ നന്മ പ്രോപ്പര്‍ട്ടീസ് വിപണിയിലേക്ക് കാലെടുത്ത് വയ്ക്കുന്നതെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. 

ശരാശരി 700 മുതല്‍ 1000 ചതുരശ്ര അടിയില്‍ 20 ലക്ഷം രൂപയ്ക്കും 35 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വില നിലവാരത്തില്‍ വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതിയെന്ന് നന്മ പ്രോപ്പര്‍ട്ടീസ് എംഡി അഷീന്‍ പാണക്കാട്ട് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ കേരളത്തിലെ വിവിധ നഗരങ്ങളിലായി 7500 യൂണിറ്റുകളാകും നിര്‍മിക്കുക.

ടൗണ്‍ഷിപ്പുകള്‍, ആരോഗ്യ സേവന കേന്ദ്രങ്ങള്‍, ഐടി ഹബ്ബുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഫാക്ടറികള്‍, റിസോര്‍ട്ടുകള്‍, വ്യാവസായിക കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരിചയസമ്പന്നരായ നന്മ പ്രോപ്പര്‍ട്ടീസ് വിവിധ പദ്ധതികള്‍ക്കായി പ്രമുഖ സ്ഥാപനങ്ങളുമായും സഹകരിക്കുകയാണ്.