Asianet News MalayalamAsianet News Malayalam

കയറ്റുമതിക്കായി ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോഡ്; പ്രതിസന്ധിയിലായി 5300 ഓളം തൊഴിലാളികൾ

ഇന്ത്യയിലെ വാഹന നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ സെപ്റ്റംബർ 9 നാണ് പ്രഖ്യാപിച്ചത്. 

ford lndia restarts EcoSport production
Author
Mumbai, First Published Sep 19, 2021, 7:05 PM IST

മുംബൈ: കയറ്റുമതി വിപണികൾക്കായി ഫോഡ് ഇന്ത്യ ചെന്നൈ പ്ലാന്റിൽ ഇക്കോസ്പോർട്ട് കോംപാക്റ്റ് എസ്‍യുവിയുടെ ഉത്പാദനം പുനരാരംഭിച്ചു. ഇന്ത്യയിലെ ഉൽപാദന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച യുഎസ് കമ്പനിക്ക് 30,000 യൂണിറ്റുകളുടെ കയറ്റുമതി കൂടി പൂർത്തീകരിക്കാൻ ബാക്കിയുണ്ട്. 2021 അവസാനത്തോടെ ഈ ലക്ഷ്യം പൂർത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പ്രമുഖ മാധ്യമ സ്ഥാപനമായ എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. 

ഫോഡ് ഇന്ത്യയിലെ തൊഴിലാളി യൂണിയനും ഫോഡ് മോട്ടോർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. മുൻപ് യോ​ഗം ചേർന്നെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങളിൽ തീരുമാനമാകാതെ യോ​ഗം പിരിഞ്ഞിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ പ്ലാന്റുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാ​ഗമായി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് യോ​ഗം എന്നാണ് പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ. 

ഇന്ത്യയിലെ വാഹന നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ സെപ്റ്റംബർ 9 നാണ് പ്രഖ്യാപിച്ചത്. ഈ വർഷം നാലാം പാദത്തോടെ വാഹന നിർമാതാവ് സനന്ദിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കും. ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമ്മാണം 2022 രണ്ടാം പാദത്തോടെ നിർത്തും. സനന്ദിലെ എഞ്ചിൻ നിർമാണ പ്ലാന്റ് മാത്രമായി കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനം ചുരുങ്ങും. 

രാജ്യത്തെ ഉൽപാദന പ്രവർത്തനങ്ങൾ ഉപേക്ഷിക്കാനുള്ള ഫോഡ് ഇന്ത്യയുടെ തീരുമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാണ്. ഷെവർലെ, ഹാർലി-ഡേവിഡ്സൺ എന്നിവയും ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറിയിരുന്നു.

ഫോഡ് ഇന്ത്യയുടെ തീരുമാനം 5,300 ഓളം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. ചെന്നൈ പ്ലാന്റിൽ 2,700 ഓളം സ്ഥിരം തൊഴിലാളികളും 600 ഓളം മറ്റ് സ്റ്റാഫുകളുമുണ്ട്. സനന്ദിൽ തൊഴിലാളികളുടെ എണ്ണം രണ്ടായിരത്തോളം വരും. സനന്ദിലെ വാഹന നിർമ്മാണ കമ്പനിയുടെ എഞ്ചിൻ പ്ലാന്റിൽ അഞ്ഞൂറിലധികം ജീവനക്കാരുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios