മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസിന്റെ സ്ഥാപനമായ റിലയൻസ് റീട്ടെയ്‌ലിലേക്ക് കൂടുതൽ നിക്ഷേപമെത്തുന്നു. സിങ്കപ്പൂർ ആസ്ഥാനമായ ജിഐസി, ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി എന്നിവയാണ് നിക്ഷേപവുമായി എത്തിയ പുതിയ കമ്പനികൾ. ഇരു കമ്പനികളും ചേർന്ന് ഒരു ബില്യൺ ഡോളർ (7350 കോടി രൂപ) റിലയൻസ് റീട്ടെയ്‌ലിൽ നിക്ഷേപിച്ചു.

റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേർസ് ലിമിറ്റഡിലേക്ക് രണ്ട് ബില്യൺ ഡോളറാണ് കഴിഞ്ഞ മാസങ്ങളിൽ നിക്ഷേപമായി എത്തിയത്. കെകെആർ ആന്റ് കമ്പനി, മുബദല, സിൽവർ ലേക് പാർട്ണേർസ് എന്നിവരെല്ലാം നിക്ഷേപം നടത്തിയിരുന്നു.

ജിഐസി 5512 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതിന്റെ ഭാഗമായി 1.22 ശതമാനം ഓഹരികൾ കമ്പനിക്ക് ലഭിക്കും. ടിപിജി കാപിറ്റൽ മാനേജ്മെന്റ് 1838 കോടി രൂപയാണ് നിക്ഷേപിക്കുക. 0.41 ശതമാനം ഇക്വിറ്റി ഓഹരികൾ കമ്പനിക്ക് ലഭിക്കും. ഇത് രണ്ടാം തവണയാണ് ടിപിജി കാപിറ്റൽ റിലയൻസിൽ നിക്ഷേപം നടത്തുന്നത്. 598 ദശലക്ഷം ഡോളറായിരുന്നു ജിയോയിൽ നേരത്തെ കമ്പനി നടത്തിയ നിക്ഷേപം.