മുംബൈ: മുന്‍ ജെറ്റ് എയര്‍വേസ് സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) വിനയ് ദുബെ ഗോ എയറിലെത്തി. എയര്‍ലൈന്‍ കമ്പനിയുടെ ഉപദേശകന്‍റെ റോളിലാണ് അദ്ദേഹം ഗോ എയറിലേക്ക് ചേക്കേറിയിരിക്കുന്നത്. ഗോ എറിന്‍റെ സിഇഒ പദവിയില്‍ അദ്ദേഹത്തെ നിയമിക്കാനാണ് കമ്പനി ആലോചിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈ പദവി ഒഴിഞ്ഞു കിടക്കുകയാണ്. 

ഇക്കഴിഞ്ഞ മെയ് 14 നാണ് ദുബെ ജെറ്റ് എയര്‍വേസ് വിട്ടത്. ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ഈ പിന്‍മാറ്റം. എന്നാല്‍, ജെറ്റ് എയര്‍വേസ് വിഷയത്തില്‍ ദുബെയ്ക്കെതിരെ കമ്പനികാര്യ മന്ത്രാലയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിനാല്‍ ഗോ എയറിന്‍റെ സിഇഒ പദവിയിലേക്ക് അദ്ദേഹം എത്തിയാല്‍ നിയമ നടപടികള്‍ക്ക് ഇടയാക്കിയേക്കുമെന്ന സംശയങ്ങളെ തുടര്‍ന്നാണ് ഗോ എയര്‍ അദ്ദേഹത്തെ ഉപദേശക സ്ഥാനത്ത് നിയമിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു മാസം മുന്‍പേ അദ്ദേഹം ഗോ എയറിന്‍റെ ഭാഗമായതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേഴ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.