തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് ഗവേഷണത്തിലും പരീക്ഷണത്തിലും കരുത്തുറ്റ ചുവടുവയ്പിന് ആഹ്വാനം നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥി സംരംഭകത്വ സമ്മേളനമായ ഐഇഡിസി (ഇന്നൊവേഷന്‍ ആന്‍ഡ് ഓന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍) നടന്നു. 

ബിസിനസ് മേഖലയില്‍ പ്രശ്നങ്ങളുണ്ടെങ്കിലും അവ പരിഹരിക്കുന്നതിനാവശ്യമായ നൂതന നൈപുണ്യമാണ് അനിവാര്യമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച ഐഇഡിസിയുടെ നാലാം പതിപ്പില്‍ വിദഗ്ധര്‍ വ്യക്തമാക്കി.  കൊടകരയിലെ സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലാണ് സമ്മേളനം നടന്നത്. 

ജനങ്ങളുടെ അറിവും നൂതനത്വത്തിന്‍റെ അഭിനിവേശവും സമ്മേളിക്കുന്നതാണ് സംരംഭകത്വമെന്ന് കെഎസ് യുഎം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടന സമ്മേളനത്തില്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി മറഞ്ഞിരുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനായതാണ് ഫെയ്സ്ബുക്ക്, ആമസോണ്‍ പോലുള്ള സംരംഭങ്ങളുടെ വിജയരഹസ്യം. ആഴത്തില്‍ പരീക്ഷണങ്ങള്‍ നടത്താവുന്ന വേദിയാണ് ഐഇഡിസി പ്രദാനം ചെയ്യുന്നത്. ധൈര്യസമേതം മുന്നിട്ടിറങ്ങുകയാണ് ഇതിന് ആവശ്യമെന്നും ഐഇഡിസിയിലൂടെ നൂതനത്വത്തിന് ഊര്‍ജ്ജം പകരുന്നതിന്  ഊന്നല്‍ നല്‍കി അദ്ദേഹം വ്യക്തമാക്കി. 

ലോകത്തെമ്പാടുമുള്ള  ഗുണകരമല്ലാത്ത മാറ്റങ്ങളില്‍ നിന്ന് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കണമെന്ന് എപിജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ രാജശ്രീ എംഎസ് പറഞ്ഞു. സംരംഭകത്വത്തിലേക്കു വരുന്ന പതുതലമുറ ആഗോളസാധ്യതകള്‍ പ്രയോജനപ്പെടുത്തി അവരുടെ രാജ്യത്തിനും സംസ്ഥാനത്തിനും തങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ എപ്രകാരം ഗുണംചെയ്യാമെന്നു ചിന്തിക്കണം. ലോകത്തെമ്പാടുമുള്ള അനുബന്ധ മേഖലയെക്കുറിച്ച് അറിവു നേടുകയും എല്ലാ സമൂഹത്തിലേയും പ്രാദേശിക പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് മത്സരാത്മകമായി ആഗോളതല അളവുകോല്‍ നിര്‍ണയിക്കുകയും വേണം. അങ്ങനെയെങ്കില്‍ രാജ്യത്തിന്‍റെ സാമ്പത്തികമേഖലയില്‍ ചലനമുണ്ടാക്കുന്ന രീതിയിലേക്ക്  സംരംഭങ്ങള്‍ നയിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.