പാരീസ്: സേർച്ച് എഞ്ചിനുകളിൽ ഒന്നാമതുള്ള ഗൂഗിളിന് കനത്ത പിഴ ചുമത്തി ഫ്രാൻസിലെ കോംപിറ്റീഷൻ അതോറിറ്റി. 150 ദശലക്ഷം യൂറോയാണ് പിഴ. 1185.64 കോടി രൂപ വരുമിത്. ഇതിന് പുറമെ അമേരിക്കൻ ഭീമനായ കമ്പനിയോട് അവരുടെ ഗൂഗിൾ ആഡ്‌സ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സേർച്ച് എഞ്ചിനുകളിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി, തങ്ങളുടെ മേധാവിത്തം ദുരുപയോഗം ചെയ്തെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ. 

വെബ് സേർച്ചുകളുമായി ബന്ധിപ്പിച്ച് പരസ്യം പ്രചരിപ്പിച്ചതാണ് ഇതിന് കാരണം. ഗൂഗിൾ ആഡ്‌സ് ഉപയോഗിക്കുന്ന വ്യവസ്ഥകൾ സങ്കീർണ്ണവും മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് അതോറിറ്റി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ രാഷ്ട്രങ്ങൾ ഗൂഗിളിനെതിരെ സ്വീകരിച്ച നിയമ നടപടികളിൽ അവസാനത്തേതാണിത്. അതസമയം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള വെബ്സൈറ്റാണ് ഗൂഗിൾ ഡോട് കോം. കമ്പനിയുടെ മറ്റ് സംരഭങ്ങളായ യൂട്യൂബ്, ബ്ലോഗർ എന്നിവയും ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ആദ്യ നൂറ് വെബ്സൈറ്റുകളിലുണ്ട്.

ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ സിഇഒയായി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചൈ ചുമതലയേറ്റത് ഈയടുത്താണ്. നിലവില്‍ ഗൂഗിളിന്‍റെ സിഇഒയായ പിച്ചൈ ആണിപ്പോൾ കമ്പനിയുടെ അവസാന വാക്ക്. ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെര്‍ജി ബ്രിന്നും മാതൃ കമ്പനിയായ ആല്‍ഫബെറ്റില്‍ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം എത്തിയത്. എന്നാല്‍, ഇരുവരും കമ്പനിയുടെ ബോര്‍ഡില്‍ അംഗങ്ങളായി തുടരും.