ദില്ലി: ആമസോണിന്റെ കേസില്‍ ആശ്വാസം തേടി ഫ്യൂചര്‍ ഗ്രൂപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഫ്യൂചര്‍-റിലയന്‍സ് ഇടപാട് സ്റ്റേ ചെയ്ത ഉത്തരവിനെതിരെയാണ് ഫ്യൂചര്‍ ഗ്രൂപ്പിന്റെ നീക്കം.

ആമസോണ്‍ എസ്‌ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നെന്നാണ് ആരോപണം. ഫ്യൂചര്‍ ഗ്രൂപ് ഭാഗമല്ലാത്ത കരാറിന്റെ പേരിലാണ് സിങ്കപ്പൂരിലെ ആര്‍ബിട്രേഷന്‍ സെന്റര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി ആരോപിക്കുന്നു.

ഫ്യൂചര്‍ ഗ്രൂപ്പ് കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ആമസോണ്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ സമീപിച്ചത്. 2019 ല്‍ ആമസോണ്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെടാത്ത സഹോദര സ്ഥാപനമായ ഫ്യൂചര്‍ കൂപ്പണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി വാങ്ങിയിരുന്നു. ഫ്യൂചര്‍ കൂപ്പണ്‍സിന് ഫ്യൂചര്‍ റീട്ടെയ്ലില്‍ 7.3 ശതമാനം ഓഹരിയുണ്ട്. 

ഈ കരാര്‍ പ്രകാരം ഇരുകമ്പനികളും തമ്മില്‍ മത്സരിക്കാന്‍ പാടില്ലെന്നുണ്ടെന്നും എന്നാല്‍ റിലയന്‍സുമായി ഫ്യൂചര്‍ ഒപ്പിട്ടിരിക്കുന്ന പുതിയ കരാര്‍ തങ്ങളുമായുള്ള നിബന്ധനക്ക് വിരുദ്ധമാണെന്നും ആരോപിച്ചാണ് ആമസോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.