മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള 24,713 കോടി രൂപയുടെ ഓഹരി ഇടപാടിന് അം​ഗീകാരം നൽകാതെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഇടപാട് സംബന്ധിച്ച് ബി എസ് ഇയിൽ നിന്ന് വ്യക്തത തേടിയിരിക്കുകയാണെന്ന് സെബി അറിയിച്ചു. 

ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളും റിലയൻസ് ഗ്രൂപ്പ് കമ്പനികളും തമ്മിലുള്ള കരട് സംയോജിത പദ്ധതിയെക്കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് "വ്യക്തത" തേടിയിരിക്കുകയാണെന്നാണ് നവംബർ 27 ന് വിപണി നിയന്ത്രിതാവായ സെബി വ്യക്തമാക്കിയത്.

എന്നാൽ, കമ്പനികൾ തമ്മിലുള്ള കരട് സംയോജിത പദ്ധതിയുടെ എൻഒസിയുമായി ബന്ധപ്പെട്ട് സെബി വ്യക്തതയോ വിശദീകരണമോ തേടിയിട്ടില്ലെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് വക്താവ് ഇന്ന് പ്രതികരിച്ചത്. സെബിയുടെ SCORESplatform ൽ ഇടപാട് സംബന്ധിച്ച് ചില പരാതികൾ രജിസ്റ്റർ ചെയ്തിട്ടുളളതായാണ് റിപ്പോർട്ടുകൾ. അവയ്ക്ക് ഇനിയും പരിഹരമായിട്ടില്ല. ഇതുമൂലമാണ് ഓഹരി ഇടപാടിൽ സെബി വ്യക്തമായ നിലപാട് എടുക്കാത്തത് എന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.