തിരുവനന്തപുരം: പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്നു മാറി പ്രാഥമിക വിദ്യാഭ്യാസതലം മുതല്‍തന്നെ പെണ്‍കുട്ടികളെ സാങ്കേതികവിദ്യയില്‍ അഭിനിവേശമുണ്ടാകുന്ന തരത്തില്‍ വാര്‍ത്തെടുക്കണമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ഹഡില്‍ കേരളയില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയില്‍ വനിതകള്‍ സജീവമാകുന്നതിനും ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യമുണ്ടാകുന്നതിനും ഇത് വഴിതെളിക്കുമെന്ന്  'സാങ്കേതികവിദ്യമേഖലയിലെ വനിതാപ്രാതിനിധ്യം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളുടെ വനിതാ പ്രതിനിധികള്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളെ പരമ്പരാഗത ചട്ടക്കൂടുകളില്‍ തളച്ചിടാതെ സാങ്കേതികവിദ്യകളില്‍ അഭിനിവേശമുള്ളവരായി വളര്‍ത്തിയാല്‍ നിലവിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വനിതാ പ്രതിനിധ്യത്തിന്‍റെ കുറവ് പരിഹരിക്കാനാകുമെന്ന് ബിഗ്ബാസ്കറ്റ് ഡോട്ട് കോം കാറ്റഗറി മാര്‍ക്കറ്റിംഗ് മേധാവി പൂജാ രവിശങ്കര്‍ വ്യക്തമാക്കി. ജോലിക്ക് അനുയോജ്യ സമയക്രമം ലഭ്യമാക്കിയാല്‍ കൂടുതല്‍ വനിതകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനാകും. ബിഗ്ബാസ്കറ്റ് ഡോട്ട് കോമില്‍ ഉല്‍പ്പന്ന വിതരണത്തിന് വനിതകളെ നിയോഗിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അവര്‍ വ്യക്തമാക്കി.

മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കുറവാണെങ്കിലും അവരുടെ സേവനം മികവുറ്റതാണെന്ന് സിസ്കോ  ലോഞ്ച്പാഡ് സ്റ്റാര്‍ട്ടപ് ആക്സിലറേറ്റര്‍ മേധാവി ശ്രുതി കണ്ണന്‍ പറഞ്ഞു. വനിതകള്‍ സഹസ്ഥാപകരായ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. സ്വയം ഒതുങ്ങിക്കൂടാതെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ സാങ്കേതികവിദ്യകളും ഫണ്ട് ലഭ്യമാക്കലുമൊക്കെ വനിതകള്‍ക്ക് അന്യമല്ല. പുരുഷന്‍മാരുടെ പിന്‍തുണയുണ്ടെങ്കില്‍ വനിതകള്‍ കൂടുതലായി ഈ മേഖലയില്‍ ശോഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.  

വനിതകള്‍ക്ക് എത്തിച്ചേരാവുന്ന പരിധി ആകാശം മാത്രമാണെന്ന് സീബെഗ് കമ്മ്യൂണിക്കേഷന്‍സ് എംഡിയും സ്ഥാപകയുമായ കിരണ്‍ ഭട്ട് ചൂണ്ടിക്കാട്ടി. വനിതാ പങ്കാളിത്തത്തിന് പ്രോത്സാഹനം അനിവാര്യമാണ്. ഓഫീസില്‍ പോകാതെ വീട്ടിലിരുന്നു ജോലിചെയ്യുന്ന സംവിധാനവും വനിതകള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് അവര്‍ വ്യക്തമാക്കി.

സാങ്കേതിക വിദ്യകള്‍ അറിയാത്തവര്‍ക്കു പോലും അറിവുപകരുന്ന വിഭവങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെന്നും വനിതകള്‍ക്ക് ഇത് പ്രയോജനപ്പെടുത്തി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാനാകുമെന്നും ബില്‍ഡര്‍ ഡോട്ട് എ ഐ എന്‍റര്‍പ്രൈസ് ആന്‍ഡ് അലയന്‍സസ് ഡയറക്ടര്‍ അഞ്ചു ചൗദരി വ്യക്തമാക്കി. വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രോത്സാഹനം എല്ലാവരില്‍ നിന്നും വനിതകള്‍ക്ക് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. 

ഓന്‍ട്രപ്രണര്‍ മാസികയുടെ ഡെപ്യൂട്ടി എഡിറ്റര്‍ പുനിത അഗര്‍വാള്‍ കപൂര്‍ മോഡറേറ്ററായിരുന്നു.