തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ 'ഹഡില്‍ കേരള'യുടെ രണ്ടാം പതിപ്പ് ആഗോള സ്ഥാപനങ്ങളായ ഓപ്പോ, ഫ്യൂച്ചര്‍ ഗ്രൂപ്പ്, വാധ്വാനി ഫൗണ്ടേഷന്‍, ഓര്‍ബിറ്റ് എന്നിവയുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിന് വേദിയാകും.

സെപ്തംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ന് കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ് സമ്മേളനത്തില്‍ പ്രശസ്ത സോഫ്റ്റ് വെയര്‍ സ്ഥാപനമായ അഡോബിയുടെ ക്രിയേറ്റിവ് ജാം എന്ന പരിപാടിയും അരങ്ങേറും. വിദഗ്ധര്‍ തങ്ങളുടെ പദ്ധതികളുടെയും പ്രക്രിയകളുടെയും പിന്നണി പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ടീമുകള്‍ തങ്ങളുടെ സര്‍ഗശേഷി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വേദിയാണിത്. ട്വിറ്റര്‍ സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമത്തില്‍ സാങ്കേതിക വിദഗ്ധരും മാര്‍ക്കറ്റിംഗ് രംഗത്തെ പ്രമുഖരും നയകര്‍ത്താക്കളും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് (ഡിപിഐഐടി) ജോയിന്‍റ് സെക്രട്ടറി അനില്‍ അഗര്‍വാള്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. 
 
ആഗോള സാങ്കേതിക -വ്യാവസായിക മേഖലകളിലെ വിദഗ്ധര്‍ക്കുമുന്നില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭ്യമാകുന്ന സംഗമത്തില്‍  പ്രശസ്തരായ മുപ്പത് പ്രഭാഷകരും നിക്ഷേപകരും മേഖലയിലെ പ്രമുഖരും അണിചേരും. സര്‍ക്കാര്‍, നിക്ഷേപകര്‍, മാര്‍ഗനിര്‍ദേശകര്‍, സംരംഭകത്വ പങ്കാളികള്‍ തുടങ്ങിയവര്‍ക്കും ടെക് സംരംഭങ്ങള്‍ക്കുമാണ് സമ്മേളനം ഊന്നല്‍ നല്‍കുക. സ്റ്റാര്‍ട്ടപ്പുകള്‍, മേഖലയിലെ വിദഗ്ധര്‍, നയകര്‍ത്താക്കള്‍ തുടങ്ങിയ മേഖലയിലെ ബന്ധപ്പെട്ടവര്‍ക്കുമുന്നില്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനു പുറമേ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നതിനുമുള്ള  വേദിയുമൊരുക്കും.

ചര്‍ച്ചകള്‍ക്കായി കടല്‍തീരത്ത് ബീച്ച് ഹഡിലുകളും രാത്രിയിലേയ്ക്കും നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ദ്വിദിന ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

ബ്ലോക്ക്ചെയ്ന്‍, നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ഡിജിറ്റല്‍ വിനോദമേഖല, ഡ്രോണ്‍ ടെക്നോളജി, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ-ഗവേണന്‍സ്, മൊബൈല്‍ ഗവേണന്‍സ് യൂസര്‍ ഇന്‍റര്‍ഫെയ്സ്/എക്സപീരിയന്‍സ് തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരിക്കും ഇത്തവണ ഹഡില്‍ കേരളയുടെ  ഊന്നല്‍. വേദിയിലെ പരിപാടികള്‍ക്കു പുറമെ നെറ്റ് വര്‍ക്കിങ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സമാന്തര ചടങ്ങുകള്‍ എന്നിവയും നടക്കും.