കൊച്ചി :  ഗോ എയറിന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ-320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് പ്രഥമ ദിനം തന്നെ വിറ്റു തീര്‍ന്നു.  രാവിലെ ഏഴു മണിക്കു പുറപ്പെടുന്ന വിമാനം കുവൈത്ത് വിമാനത്താവളത്തില്‍ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേവിമാനം രാവിലെ 10.30ന് തിരിച്ച് പ്രാദേശിക സമയം വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും.  

വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് മുഖ്യാതിഥിയായിരുന്നു.

കണ്ണൂര്‍ -കുവൈത്ത് വിമാന സര്‍വിസിന് അഭൂതപൂര്‍വമായ സ്വീകരണമാണ് ലഭിച്ചതെന്നു ഗോ എയര്‍ മാനേജിംഗ് ഡയരക്ടര്‍ ജെ വാഡിയ പറഞ്ഞു. പുതിയ സര്‍വിസ് ആരംഭിക്കുന്നതോടെ ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷന്‍ നടത്തുന്ന എട്ടാമത്തെ വിമാനത്താവളമായി കണ്ണൂര്‍ മാറിയിരിക്കുകയാണെും സിംഗപ്പൂര്‍ സര്‍വിസ് ഉടന്‍ ആരംഭിക്കുമെും അദ്ദേഹം അറിയിച്ചു.

ഗോ എയറിന്റെ ഗള്‍ഫിലുള്ള നാലാമത്തെ ലക്ഷ്യസ്ഥാനമാണ് കുവൈത്ത്. മസ്‌കറ്റ്, അബൂദാബി, ദുബായ് എന്നീ കേന്ദ്രങ്ങള്‍ക്കു പിന്നാലെ കുവൈത്തിലേക്കു കൂടി സര്‍വിസ് ആരംഭിച്ചത് മിഡ്‌ലീസ്റ്റ് മേഖലയിലേക്ക് ഗോഎയര്‍ കൂടുതല്‍ സര്‍വിസ് ആരംഭിക്കുതിന്റെ മുന്നോടിയാണ്. ഇതോടെ ഗോ എയറിന്റെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രവര്‍ത്തന കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറി.